കൊച്ചി : നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും കൈപ്പുസ്തകങ്ങളും എത്തിയെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികളും പരിശോധിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളിലും ഇതുസംബന്ധിച്ച സൂചനയുണ്ട്.
കേസിന്റെ ദേശവിരുദ്ധ സ്വഭാവം പരിശോധിച്ചു ബോധ്യപ്പെടാന്‍ അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ടു ഹാജരാക്കാന്‍ എന്‍ഐഎ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഡയറി മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
സ്വര്‍ണക്കടത്തിന്റെ ദേശവിരുദ്ധത സംബന്ധിക്കുന്ന അതീവരഹസ്യ വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്. സാധാരണ സ്വര്‍ണക്കടത്തു കേസില്‍ അസാധാരണമായ തിടുക്കത്തോടെ യുഎപിഎ ചുമത്തി അന്വേഷണം എന്‍ഐഎക്കു കൈമാറിയതു രാഷ്ട്രീയ കാരണങ്ങളാലാണെന്നു പ്രതിഭാഗം വാദിക്കുമ്പോള്‍, ദേശവിരുദ്ധ സ്വഭാവമുള്ള രചനകളും ചില പാഴ്‌സലുകളില്‍ കടത്തിയെന്ന വിവരം എന്‍ഐഎ വ്യക്തമാക്കും.
നയതന്ത്ര പാഴ്‌സലില്‍ നിന്ന് സ്വര്‍ണം പിടികൂടിയ കേസില്‍ എയര്‍ കാര്‍ഗോ ഏജന്റ്‌സ് അസോസിയേഷന്‍ നേതാവ് ഹരിരാജിനെ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രിവന്റീവ് കമ്മിഷണറേറ്റിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ രേഖപ്പെടുത്തിയ മൊഴിയിലെ ചില ഭാഗങ്ങള്‍ പരിശോധിക്കുകയാണു ചെയ്തതെന്നു കസ്റ്റംസ് വിശദീകരിച്ചു.
കേസിലെ പ്രതികളായ എടക്കണ്ടന്‍ സെയ്തലവി, ടി.എം.മുഹമ്മദ് അന്‍വര്‍, ടി.എം. സംജു, അബ്ദുല്‍ ഹമീദ്, പഴേടത്ത് അബൂബക്കര്‍, സി.വി. ജിഫ്‌സല്‍, ഹംസത് അബ്ദുസ്സലാം എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) റജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായക കണ്ണിയാണു റമീസ്. ദുബായില്‍ സ്വര്‍ണം ശേഖരിക്കുന്നവര്‍, നാട്ടില്‍ അതിനുള്ള പണം സ്വരൂപിക്കുന്നര്‍, കുഴല്‍പണമായി അതു ദുബായിലെത്തിക്കുന്നവര്‍, കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നവര്‍ ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നതു റമീസാണെന്ന് അന്വേഷണസംഘം കരുതുന്നു. ഇയാളുടെ ഉന്നതബന്ധങ്ങള്‍ പുറത്തുവന്നെങ്കിലും അവര്‍ക്കു സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതിന്റെ തെളിവു ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 4 വരെയാണു റമീസിനെ കോടതി എന്‍ഐഎക്കു കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.
അതേസമയം, കേസില്‍ സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നാളെ 11 വരെയാണ് ഇവരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.