കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച്- ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

കൊച്ചി: തങ്ങളുടെ കൊച്ചി ഓഫ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018 മാര്‍ച്ച് 20-ന് യുജിസി ജെയിന്‍ ഡീംഡ് ടി ബി യൂണിവേഴ്‌സിറ്റിക്ക് കാറ്റഗറി 2 സ്ഥാനം നല്‍കി ഗ്രേഡഡ് ഓട്ടോണമി അനുവദിച്ചിരുന്നു. 2018-ലെ യുജിസി (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റീസ്) നിയന്ത്രണ നിയമ പ്രകാരം കാറ്റഗറി 2 നല്‍കിയിട്ടുള്ള ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും രണ്ട് ഓഫ് കാമ്പസുകള്‍ ആരംഭിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് യുജിസിയുടെ യാതൊരു പരിശോധനയും ആവശ്യമില്ലെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതൊക്കെ മറച്ചു വെച്ചാണ് തല്‍പര കക്ഷികള്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന അടിസ്ഥാനരഹിതമായ പ്രചരണം അഴിച്ചുവിടുന്നത്.

ഓഫ് കാമ്പസുകള്‍ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ അതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റും സ്ഥാപിച്ച് കഴിഞ്ഞ സ്ഥാപനങ്ങള്‍ അതിന് അംഗീകാരം തേടിയുള്ള അപേക്ഷയും കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് 2018 ആഗസ്റ്റ് 31-ന് യുജിസി ഇറക്കിയ നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വരികയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രാലയം തങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും 2019-ലെ പുതുക്കിയ യുജിസി നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി വീണ്ടും അപേക്ഷ നല്‍കാന്‍ 2019 സെപ്തംബര്‍ 16-ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് മന്ത്രാലയം കാമ്പസിലെ അടിസ്ഥാനസൗകര്യങ്ങള്‍ പരിശോധിക്കാനായി വിദഗ്ധ സമിതിയെ അയക്കാനായി അപേക്ഷ യുജിസിക്ക് കൈമാറി. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം വിദഗ്ധ സമിതിയുടെ സന്ദര്‍ശനം നീണ്ടു പോവുകയായിരുന്നു.

2019 ഡിസംബര്‍ 8 മുതല്‍ 10 വരെ കൊച്ചി ഓഫ് കാമ്പസ് സന്ദര്‍ശിച്ച വിദഗ്ധ സമിതി യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കൊച്ചിയില്‍ ഓഫ് കാമ്പസ് ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ 2020 മേയില്‍ നടന്ന യുജിസി യോഗം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഇക്കാര്യം അറിയിച്ചുകൊണ്ട് യുജിസി ജോയിന്റ് സെക്രട്ടറിയുടെ കത്ത് കഴിഞ്ഞ മാസം ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുമുണ്ട്.

വസ്തുത ഇതായിരിക്കെ കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular