കോവിഡ് നിര്‍ണയംതന്നെ ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്

ആറു മാസം മുന്‍പാണ് ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ എട്ടരലക്ഷവും കടന്ന് മുന്നേറുകയാണ് രാജ്യത്ത് കോവിഡ് ബാധിക്കപ്പെട്ടവരുടെ എണ്ണം. തുടക്കത്തില്‍ ശ്വാസകോശത്തെ മാത്രം ബാധിക്കുമെന്ന് കരുതിയ കൊറോണ വൈറസ് ഇപ്പോള്‍ ആ നിലയെല്ലാം വിട്ട് മുന്നേറിയിരിക്കുന്നു.

കോവിഡ് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ഓരോ ദിവസവും പുതിയ പഠനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളിലും പലതും പുതുതായി പ്രത്യക്ഷപ്പെടുന്നു. മുന്നോട്ടു പോകും തോറും കോവിഡ് നിര്‍ണയംതന്നെ ബുദ്ധിമുട്ടാകുമെന്നാണ് എയിംസ് ഡയറക്ടറും ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ക്ലിനിക്കല്‍ ഗവേഷണ സംഘം മേധാവിയുമായ ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെടുന്നത്.

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ പനിയും ജലദോഷവും ചുമയുമൊക്കെയായിരുന്നു. എന്നാല്‍ പിന്നീട് ശരീര വേദന, മണവും രുചിയും നഷ്ടമാകല്‍ എന്നിങ്ങനെ പല രോഗലക്ഷണവും കോവിഡിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കാര്യങ്ങള്‍ ഇത്തരത്തില്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്കയാണ് ഡോ. രണ്‍ദീപ് ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.

കോവിഡ് മുക്തരായി കഴിഞ്ഞ ശേഷവും രോഗികളില്‍ നീണ്ടു നില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പല രോഗികളുടെയും ശ്വാസകോശം കുറേക്കാലത്തേക്ക് മോശം അവസ്ഥയിലായിരിക്കും. മസ്തിഷ്‌ക വീക്കം, നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കോവിഡ് മൂലമുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളില്‍ കോവിഡ് അനന്തരം കവാസാകി രോഗത്തിന് സമാനമായ പ്രതികരണങ്ങളും കണ്ടു വരുന്നുണ്ടെന്നും ഡോ. രണ്‍ദീപ് പറയുന്നു. ഇവയെല്ലാം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് മാത്രം.

ലോകാരോഗ്യ സംഘടന സോളിഡാരിറ്റി ട്രയലില്‍ നിന്ന് ഒഴിവാക്കിയിട്ടും ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിനെ കൈവിടാത്തത് തീവ്രമല്ലാത്ത കേസുകളില്‍ ഈ മരുന്ന് വേഗത്തില്‍ രോഗശാന്തി നല്‍കുന്നതിനാലാണെന്നും ഡോ. രണ്‍ദീപ് ചൂണ്ടിക്കാട്ടി. ഈ മരുന്ന് എളുപ്പത്തില്‍ ലഭ്യമാണെന്നതും ഒരു ഘടകമാണ്.

പ്ലാസ്മ തെറാപ്പി ഫലപ്രദമാണെങ്കിലും ആവശ്യത്തിന് ആന്റിബോഡി ശരീരത്തിലുള്ള പ്ലാസ്മ ദാതാക്കളെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular