തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണം

തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. പനി, തുടര്‍ച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ തൊലിപ്പുറത്തെ തടിപ്പും ചിലരില്‍ കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം ആളുകളില്‍ ഈ ലക്ഷണവും പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്‍എച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇത് ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ മരിയോ ഫാല്‍ച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ഇതിനിടെ കോവിഡ് ഏറെ ദുരന്തം വിതച്ച ബ്രിട്ടനില്‍ ആശ്വാസത്തിന്റെ തുരുത്തായി മാറുകയാണ് സ്‌കോട്ട്‌ലന്‍ഡ്. തുടര്‍ച്ചയായ ഏഴാം ദിവസവും സ്‌കോട്ട്‌ലന്‍ഡില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ദിവസേന രോഗികളാകുന്നവരുടെ എണ്ണവും അമ്പതില്‍ താഴെയാണ്. ഏറെക്കുറെ സമാനമായ സാഹചര്യമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും. ഒരാഴ്ചയ്ക്കിടെ അഞ്ചുമരണങ്ങള്‍ മാത്രമേ ഇവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ബ്രിട്ടനിലാകെ ദിവസേനയുള്ള കോവിഡ് മരണം ശരാശരി നൂറില്‍ താഴെയായി. 85 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,053 ആയി.

രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ ഉറപ്പു നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് പറ്റിയ സമയമല്ലെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ ഭാവിയില്‍ ഉറപ്പായും അന്വേഷണം ഉണ്ടാകുമെന്നും ബോറിസ് പറഞ്ഞു. രോഗം വ്യാപനവും മരണനിരക്കും തടയുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular