ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വന്‍ വഴിത്തിരിവ്; അപകട സ്ഥലത്ത് സരിത്ത് ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി ജോര്‍ജ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തും സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നുമായിരുന്നു സരിത്തിന്റെ മൊഴി. 10 മുതല്‍ 15 ലക്ഷം വരെ കമ്മീഷന്‍ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു.

നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു.

തന്റെ വാഹനം മുന്നോട്ടുപോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നു. അപകടത്തില്‍പ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവര്‍ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോള്‍ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോള്‍ കുറച്ച് ആളുകള്‍ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തില്‍ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷര്‍ട്ട് ധരിച്ച് കണ്ണട വച്ചൊരാള്‍ റോഡിന്റെ സൈഡില്‍നിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റില്‍ കൈയ്യിട്ട് കൂട്ടത്തില്‍നിന്നു മാറി നില്‍ക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോള്‍ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓര്‍മിക്കാന്‍ കാരണമെന്നും സോബി പറയുന്നു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നല്‍കിയിരുന്നു. വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടേയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ കൂട്ടത്തിലുണ്ടായിരുന്നു. അതില്‍ ഒരാളെ സോബി തിരിച്ചറിഞ്ഞു. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപകടത്തില്‍ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular