രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ 20,000ത്തോളം പേര്‍ക്ക്‌ പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കൊറോണ വൈറസ് ബാധ മൂലം 410 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതാദ്യമായാണ് 19,000ല്‍ അധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 5,28,859 ആയി. ഇതില്‍ 2,03,051 ഉം സജീവ കേസുകളാണ്. 3,09,713 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് മൂലം ഇതുവരെ മരിച്ചത് 16,095 പേരാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു. 2,31,095 സാമ്പിളുകള്‍ ഞായറാഴ്ചയാണ് പരിശോധിച്ചത്.

?രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശനിയാഴ്ച 5318 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 1,59,133 ആയി. മുംബൈയില്‍ മാത്രം 1,400 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 74,252 ആയി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. 80,000ല്‍ അധികം പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,558 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഡല്‍ഹിയില്‍ ജീവന്‍ നഷ്ടമായത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. യു.എസ്., ബ്രസീല്‍, റഷ്യ എന്നിവയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യക്കു മുന്നിലുള്ള രാജ്യങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular