സച്ചിനെതിരെ തെറ്റായി ഔട്ട് വിളിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് അംപയര്‍

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് വെസ്റ്റിന്‍ഡീസുകാരന്‍ സ്റ്റീവ് ബക്നര്‍. സച്ചിനെ ആരാധകര്‍ കണ്‍കണ്ട ദൈവമായി കൊണ്ടുനടക്കുന്ന കാലത്ത് തീര്‍ത്തും തെറ്റായ രീതിയില്‍ ഔട്ട് വിധിച്ചിട്ടുണ്ട്, ബക്‌നര്‍. അതും പലതവണ. ബക്നറിനെപ്പോലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ മറ്റൊരു അംപയറുണ്ടോ എന്നും സംശയം. 35ാം ടെസ്റ്റ് സെഞ്ചുറിയെന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പാക്കിസ്ഥാന് സച്ചിന്റെ വിക്കറ്റ് ‘ദാനം നല്‍കിയ’ ബക്‌നറിനെ ആരാധകര്‍ എങ്ങനെ മറക്കും?

എന്നാല്‍, തന്റെ അംപയറിങ് കരിയറില്‍ സച്ചിനെതിരെ തെറ്റായി ഔട്ട് വിളിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുകയാണ് ബക്നര്‍. സച്ചിനെതിരെ ഔട്ട് വിളിച്ചത് രണ്ടു തവണ തെറ്റിപ്പോയതിനെക്കുറിച്ചാണ് ബക്നറുടെ ഏറ്റുപറച്ചില്‍. ബാര്‍ബഡോസിലെ ഒരു റേഡിയോ പരിപാടിയിലാണ് ഇതേക്കുറിച്ച് ബക്നര്‍ മനസ്സു തുറന്നത്. ‘തെറ്റായ സന്ദര്‍ഭങ്ങളില്‍ രണ്ടു തവണ ഞാന്‍ സച്ചിനെതിരെ ഔട്ട് വിളിച്ചിട്ടുണ്ട്. തെറ്റായ തീരുമാനമെടുക്കാന്‍ ഏതെങ്കിലും അംപയര്‍ മനഃപൂര്‍വം മുതിരുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, കരിയറില്‍ സംഭവിക്കുന്ന പിഴവുകള്‍ എക്കാലവും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഭാവിയില്‍ അപകടത്തില്‍ ചാടിക്കുകയും ചെയ്യും’ ബക്നര്‍ പറഞ്ഞു.

‘തെറ്റുകള്‍ വരുത്തുന്നത് മാനുഷികമാണ്. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍വച്ച് ഞാന്‍ സച്ചിനെതിരെ എല്‍ബി അനുവദിച്ചു. സത്യത്തില്‍ ആ പന്ത് വിക്കറ്റിനു മുകളിലൂടെയാണ് പോയത്. മറ്റൊരിക്കല്‍ ഇന്ത്യയില്‍വച്ച് വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി സച്ചിന്‍ പുറത്തായെന്ന് വിധിച്ചതും തെറ്റിപ്പോയി. അന്ന് സച്ചിന്റെ ബാറ്റിനെ മറികടന്നതിനുശേഷം പന്തിന്റെ പാതയില്‍ വ്യതിയാനം സംഭവിച്ചു. ആ മത്സരം ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുമ്പോള്‍ ആര്‍ക്കും ഒന്നും കേള്‍ക്കാനാകില്ല. ഏതാണ്ട് ഒരു ലക്ഷത്തിലധികം കാണികളാണ് ഗാലറിയില്‍ ബഹളം വയ്ക്കുന്നത്. ഈ രണ്ടു പിഴവുകളും പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് നിരാശയുമുണ്ട്. മനുഷ്യനെന്ന നിലയില്‍ തെറ്റുകള്‍ സ്വാഭാവികമാണ്. തെറ്റുകള്‍ അംഗീകരിച്ച് മുന്നോട്ടു പോകുന്നതും ജീവിതത്തിന്റെ ഭാഗം തന്നെ’ ബക്നര്‍ പറഞ്ഞു.

അംപയറിങ് വിട്ടതിനുശേഷം ന്യൂയോര്‍ക്കില്‍ താമസമാക്കിയ ബക്നര്‍ സച്ചിനെ പുകഴ്ത്താനും മറന്നില്ല. സച്ചിന്റെ കൈവശമുണ്ടായിരുന്ന ഷോട്ടുകളുടെ വൈവിധ്യമാണ് ഇത്രയധികം റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചതെന്ന് ബക്നര്‍ അഭിപ്രായപ്പെട്ടു. താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിനെന്നും ബക്‌നര്‍ പറഞ്ഞു.

‘റണ്‍സ് വാരിക്കൂട്ടുന്ന കാര്യത്തില്‍ സച്ചിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. ബാറ്റിങ്ങിനിടെ മറുവശത്ത് എന്തു സംഭവിച്ചാലും സച്ചിന്‍ കുലുങ്ങില്ല. ഒരിക്കല്‍ സച്ചിന്‍ 96 റണ്‍സുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (1992ല്‍ വാണ്ടറേഴ്‌സില്‍) ബാറ്റു ചെയ്യുകയാണ്. ഇതിനിടെ നിന്ന നില്‍പ്പില്‍ മൂന്നു വിക്കറ്റ് വീണു. പക്ഷേ അതൊന്നും സച്ചിനെ ബാധിച്ചതേയില്ല. ഏറ്റവും മോശം പന്തിനായി ക്ഷമയോടെ കാത്തിരുന്ന സച്ചിന്‍ ഫോറടിച്ച് സെഞ്ചുറി തികച്ചു’ ബക്നര്‍ വിവരിച്ചു.

അതേസമയം, ഏറ്റവും ഇഷ്ടപ്പെട്ട താരമാരെന്ന ചോദ്യത്തിന് വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ എന്നീ വിന്‍ഡീസ് താരങ്ങളുടെ പേരുകളാണ് ബക്നര്‍ പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട ബോളര്‍ ഷെയ്ന്‍ വോണാണെന്നും ബക്നര്‍ വെളിപ്പെടുത്തി. ‘ചലിക്കുന്ന കവിത’യാണ് ലാറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാന്തര തലത്തില്‍ 128 ടെസ്റ്റുകളും 181 ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുള്ള അംപയറാണ് സ്റ്റീവ് ബക്നര്‍.

Similar Articles

Comments

Advertismentspot_img

Most Popular