ബിസിസിഐ ചൈനീസ് കമ്പനികളെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഐപിഎല്ലുമായി സഹകരിക്കില്ലെന്ന് സിടിഐ

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളെ ബഹിഷ്‌ക്കരിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതിനു തയാറായില്ലെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായും ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുമായും സഹകരിക്കില്ലെന്ന് സിടിഐ കണ്‍വീനര്‍ ബ്രിജേഷ് ഗോയല്‍ വ്യക്തമാക്കിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യവ്യാപകമായി ചൈനീസ് കമ്പനികൾക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ഇത്തരം കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് കരാർ ഉൾപ്പെടെയുള്ള സഹകരണങ്ങൾ പുനഃപരിശോധിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഐപിഎൽ മുഖ്യ സ്പോൺസറായ വിവോ ഉൾപ്പെടെയുള്ളവരുമായുള്ള സഹകരണം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐപിഎൽ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരുമെന്നാണ് അറിയിപ്പ്.

‘നമ്മുടെ ധീര ജവാൻമാരുടെ ജീവനെടുത്ത അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ കമ്പനികളുമായുള്ള ഐപിഎല്ലിന്റെ സഹകരണം തുടരണമോ എന്നു തീരുമാനിക്കാൻ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരും’ – ഐപിഎൽ അധികൃതർ ട്വീറ്റ് ചെയ്തു.

നിലവിൽ 2022 വരെ വിവോയുമായി ഐപിഎല്ലിന് കരാറുണ്ട്. നാലു വർഷത്തേക്കുള്ള കരാർ പ്രകാരം ഏതാണ്ട് 2,190 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്ക് നൽകുന്നത്. ഐപിഎല്ലിന്റെ മുഖ്യ സ്പോൺസർമാരായ വിവോയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഹർഭജൻ സിങ് ഉൾപ്പെടെയുള്ള താരങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular