സേനാംഗങ്ങളെ തടവില്‍ വച്ച് വിലപേശല്‍ ശ്രമം; തര്‍ക്ക മേഖലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈനയുടെ നീക്കം ഇങ്ങനെ!

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനാംഗങ്ങള്‍ ആരും ചൈനയുടെ തടവിലില്ലെന്നു കരസേനയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതിനു പിന്നാലെയാണ്, 10 പേരുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു ലഫ്. കേണല്‍, 3 മേജര്‍ എന്നിവരടക്കം 10 സേനാംഗങ്ങളെ 3 ദിവസം ചൈന തടവിലാക്കിയെന്ന ഗൗരവമേറിയ റിപ്പോര്‍ട്ടിനെക്കുറിച്ചു കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ മൗനം പാലിച്ചു. എന്നാല്‍, ഇന്ത്യന്‍ സേനാംഗങ്ങളെ തങ്ങള്‍ തടവില്‍ വച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയന്‍ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഗല്‍വാന്‍ അതിര്‍ത്തിയില്‍ മേജര്‍ ജനറല്‍ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് 10 ഇന്ത്യന്‍ സേനാംഗങ്ങളെ ചൈന മോചിപ്പിത്. ഇവരെ ഉപയോഗിച്ച് വിലപേശി അതിര്‍ത്തിയിലെ തര്‍ക്ക മേഖലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈന ശ്രമിച്ചുവെന്നു സൂചനയുണ്ട്. സേനാംഗങ്ങള്‍ക്കു പരുക്കുകളൊന്നുമില്ലെന്നു കാണിക്കാന്‍ ഇവരുടെ ചിത്രങ്ങളും ചര്‍ച്ചകള്‍ക്കിടെ ചൈന കൈമാറി. സേനാംഗങ്ങളെ തടവില്‍ വയ്ക്കുന്നത് ഏറ്റുമുട്ടലിലേക്കു നീങ്ങുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ധാരണകളെല്ലാം ലംഘിച്ച് അപ്രതീക്ഷിത ആക്രമണം നടത്തുകയും പിന്നാലെ 10 പേരെ തടവിലാക്കുകയും ചെയ്യുന്നത് അതിര്‍ത്തിയിലെ എല്ലാ മര്യാദകളുടെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

ഏറ്റുമുട്ടലുണ്ടായ ഗല്‍വാന്‍ പട്രോള്‍ പോയിന്റ് 14നു പിന്നിലുള്ള താവളത്തിലാണു ചൈന ഇവരെ പാര്‍പ്പിച്ചത്. അതുകൊണ്ടാണ്, അതിര്‍ത്തി ചര്‍ച്ചകള്‍ക്കുള്ള പതിവു സ്ഥലങ്ങളില്‍ കണ്ടുമുട്ടാതെ, പട്രോള്‍ പോയിന്റ് 14ല്‍ മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. 18നു വൈകിട്ട് അഞ്ചിനാണു സേനാംഗങ്ങളെ ചൈന കൈമാറിയത്. പിന്നീട് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കി.

അതേസമയം ഇന്ത്യ–ചൈന പ്രശ്‌നപരിഹാരത്തിന് മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും സംഘര്‍ഷം അയഞ്ഞിട്ടില്ല. ഗല്‍വാന്‍, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.

കരസേനയ്ക്കു പിന്തുണ നല്‍കാന്‍ ചൈന അതിര്‍ത്തിയില്‍ വ്യോമസുരക്ഷയൊരുക്കുന്ന ശ്രീനഗര്‍, ലേ, അസമിലെ തേസ്പുര്‍, ഛബുവ, മോഹന്‍ബാരി, ഉത്തര്‍പ്രദേശിലെ ബറേലി, ഗോരഖ്പുര്‍ എന്നീ താവളങ്ങളിലാണു വ്യോമസേന പടയൊരുക്കം നടത്തുന്നത്.

ആണവ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്‌.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular