മറ്റു രോഗങ്ങളില്ലാത്ത സുനില്‍ കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു; ആരോഗ്യസ്ഥിതി ആദ്യം മുതലേ ഗുരുതരമായിരുന്നു; വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

കണ്ണൂര്‍: മറ്റു രോഗങ്ങളില്ലാത്ത യുവാവ് കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതോടെ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ഇന്നലെ മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിന്റെ(28) മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടുതല്‍ പഠനം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി സുനിലിന്റെ ചികിത്സ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഇന്നലെ ശേഖരിച്ചു.

തീവ്രത കൂടിയ വൈറസ് ബാധിച്ചതാകാം സുനിലിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാകാനും മരണം സംഭവിക്കാനും ഇടയാക്കിയതെന്നാണു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിഗമനം. പനി ബാധിച്ച സുനിലിനു ന്യുമോണിയ രൂക്ഷമാകുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പെട്ടെന്നാണു സങ്കീര്‍ണതകളുണ്ടായത്. ഇത് കൊറോണ വൈറസിനു വന്ന മാറ്റം മൂലമാണോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

12 വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍ 13ന് ആണു പനി ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനു മുന്‍പ് 6നു തൊണ്ടവേദനയെ തുടര്‍ന്ന് ഇരിക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയതായും വിവരമുണ്ട്. ന്യുമോണിയയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 14നു പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു.തുടര്‍ന്നു നടത്തിയ പരിശോധനയി 16നു കോവിഡ് സ്ഥിരീകരിച്ചു.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വെന്റിലേറ്ററിലായിരുന്നു സുനില്‍. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ആദ്യം മുതലേ ഗുരുതരമായി തുടര്‍ന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം സുനിലിന്റെ ആരോഗ്യനില കൃത്യമായി വിലയിരുത്തിയിരുന്നു. ഇതിനിടെ എക്‌സ്‌റേ പരിശോധനയില്‍ ശ്വാസകോശത്തിനു ക്ഷതം സംഭവിച്ചതായും കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന സുനിലിന്റെ രക്തസമ്മര്‍ദം താഴുകയും മരുന്നുകളോടു പ്രതികരിക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്നാണു മരണം സംഭവിച്ചത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular