കയ്യടിക്കാം.., ലീവെടുക്കാതെ മൂന്ന് മാസം കോവിഡ് ഡ്യൂട്ടി..!!!

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഇവരോട് കടപ്പെട്ടിരിക്കുന്നു. ഇങ്ങനെ ലീവ് പോലും എടുക്കാതെ ജോലി ചെയ്ത ഒരാളെ പരിചയപ്പെടാം. സംസ്ഥാനത്ത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കോവിഡ് വാര്‍ഡിലായിരുന്നു ഗ്രേസി. ഒന്നര മാസം ഡ്യൂട്ടി. അതിനുശേഷം കോവിഡ് വാര്‍ഡിലെ സഹായവും പരിശീലനങ്ങളും. അങ്ങനെ തുടര്‍ച്ചയായി 3 മാസത്തെ ഡ്യൂട്ടി പിന്നിടുകയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഹെഡ് നഴ്‌സ്, തുമ്പോളി കൊച്ചീക്കാരന്‍ വീട്ടില്‍ എം.ഗ്രേസി.

ജനുവരി 30ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അടിയന്തരമായി തയാറാക്കിയ ഐസലേഷന്‍ വാര്‍ഡിന്റെ ചുമതലയായിരുന്നു തുടക്കം. അടുത്ത ദിവസം തന്നെ ജില്ലയില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. രോഗിയുമായി അടുത്തു ബന്ധപ്പെട്ട മാതാപിതാക്കള്‍, പരിശോധിച്ച ഡോക്ടര്‍ എന്നിവരുള്‍പ്പെടെ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കെത്തി.

പിന്നീട് രോഗലക്ഷണങ്ങളുമായി നൂറുകണക്കിനു പേര്‍ വന്നു. അങ്ങനെ മാര്‍ച്ച് 14 വരെ തുടര്‍ച്ചയായി ഐസലേഷന്‍ വാര്‍ഡില്‍ തന്നെയായിരുന്നു ഗ്രേസി. ഇവിടെ ഡ്യൂട്ടി കഴിഞ്ഞും ഓഫ് ദിവസങ്ങളില്‍ ഫോണിലൂടെ ജോലി തുടര്‍ന്നു. മാര്‍ച്ച് 24 നു ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ കോവിഡ് രോഗി എത്തിയത്. അപ്പോള്‍ ചികിത്സാ ക്രമീകരണത്തിനും മാര്‍ഗനിര്‍ദേശം നല്‍കാനും ഗ്രേസിയുണ്ടായിരുന്നു.

മറ്റു നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം നല്‍കുന്ന ഉത്തരവാദിത്തവും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ചുമതലയും ഉള്ളതിനാല്‍ സ്ഥിരമായി ഐസലേഷന്‍ വാര്‍ഡില്‍ നില്‍ക്കുന്നില്ലെന്നു മാത്രം.

കോവിഡ് വാര്‍ഡില്‍ നിന്ന ഒന്നര മാസത്തോളം ഗ്രേസിയും ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറായ ഭര്‍ത്താവ് ജസ്റ്റിനും മാത്രമായിരുന്നു വീട്ടില്‍. മകനെയും 7 വയസ്സുകാരി മകളെയും ജസ്റ്റിന്റെ മാതാപിതാക്കളെയും മറ്റൊരു വീട്ടിലാക്കി. ഇപ്പോഴും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനൊന്നും പോകാറില്ലെന്ന് ഗ്രേസി പറയുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular