മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് കേസുകള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകള്‍. 113 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 1,04,568 ആയി ഉയര്‍ന്നു. മരണസംഖ്യ 3,830 ആണ്. 49,346 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്. 51,392 പേര്‍ ചികിത്സയിലുണ്ട്.

ശനിയാഴ്ച മാത്രം മുംബൈയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 26 പോലീസുകാരാണ് മുംബൈയില്‍ മരണപ്പെട്ടത്. സംസ്ഥാനത്താകെ 40 പോലീസുകാരും മരിച്ചു. നൂറുകണക്കിന് പേര്‍ ചികിത്സയിലാണ്.

അതേസമയം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ പ്രായപരിധി 31നും 40 നും ഇടയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള 19,523 പേര്‍ (20.04%) രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണ്.

കോവിഡ് ബാധിച്ച രണ്ടാമത്തെ വിഭാഗം 41 മുതല്‍ 50 വയസ്സ് വരെയുള്ളവരാണ്. കണക്കുകള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ള 17,573 ആളുകള്‍ക്ക് (18.04%) രോഗം ബാധിച്ചു. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണയ്ക്ക് വിരുദ്ധമായി, 61നും 70നും ഇടയില്‍ പ്രായമുള്ള 9,991 (10.26%) ആളുകള്‍ക്കു മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 71നും 80നും ഇടയില്‍ പ്രായമുള്ളവരില്‍ 4,223 (4.34%) പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. 10 വയസ്സില്‍ വരെയുള്ള കുട്ടികളില്‍ 3,225 (3.31%) പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 11 മുതല്‍ 20 വയസ്സിനിടയിലുള്ളവരില്‍ 6,262 (6.43%) പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

97,635 കോവിഡ് രോഗികളുടെ വിശകലനത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു. രോഗം ബാധിച്ചതില്‍ 60,596 (62%) പേര്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ 37,039 (38%). മഹാരാഷ്ട്രയിലെ കോവിഡ് മരണനിരക്ക് 3.68 ശതമാനമാണെന്നും കണക്കില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 3,717 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1,01,141 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 49,628 പേര്‍ ചികിത്സയിലാണ്. 47,796 പേര്‍ രോഗമുക്തി നേടി

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular