കേരളത്തില്‍ അനുദിനം വന്‍തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതിനിടെ
സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവന്‍ പറഞ്ഞു. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതേ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ. അതുപോലെ നിലവില്‍ സമൂഹവ്യാപനമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും രാജീവ് ജയദേവന്‍ പറഞ്ഞു.
അതേസമയം കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നേക്കും. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചത്. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പശ്ചിമ ബംഗാളില്‍ പോസിറ്റീവ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്.
കൊവിഡ് സാഹചര്യം രൂക്ഷമായ ഡല്‍ഹിയില്‍ പത്ത് റെയില്‍വേ ഐസൊലേഷന്‍ കോച്ചുകളാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അനുവദിച്ച കോച്ചുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ സജ്ജമായിട്ടുണ്ട്. തെലങ്കാന അറുപതും ഉത്തര്‍പ്രദേശ് 240 കോച്ചുകളും ആവശ്യപ്പെട്ടു. രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. പലമേഖലകളിലും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വമേധയാ സുപ്രിംകോടതി കേസെടുത്തത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതര്‍ 38716ഉം മരണം 349ഉം ആയി. ചെന്നൈയില്‍ മാത്രം കൊവിഡ് കേസുകള്‍ 27,000 കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 34687 ആയി. 1085 പേര്‍ ഇതുവരെ മരിച്ചു. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 22,067 ആയി. 38 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയര്‍ന്നു.
follow us: pathram online latest news