മുംബൈയില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു; സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മരണനിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: നഗരത്തിലെ ആശുപത്രികളില്‍ ഐസിയു വാര്‍ഡുകള്‍ നിറഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നിലുള്ളത് വലിയ വെല്ലുവിളി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നാണു വിവരം. അത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഐസിയുവില്‍നിന്നോ വെന്റിലേറ്ററില്‍നിന്നോ രോഗികള്‍ മുക്തി നേടി തിരികെയെത്താന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ പുതിയതായി ചികിത്സ തേടേണ്ടവരുടെ കാത്തിരിപ്പു നീളും.

അടിയന്തരമായി കൂടുതല്‍ ഐസിയു സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മരണനിരക്ക് ഉയരുമെന്നാണ് ഇതു നല്‍കുന്ന അപകടകരമായ സൂചന. ആവശ്യത്തിനു വിദഗ്ധ ഡോക്ടര്‍മാരുടെയും ഐസിയു കൈകാര്യം ചെയ്യാന്‍ പറ്റിയ നഴ്‌സുമാരുടെയും അഭാവമാണ് മറ്റൊരു വെല്ലുവിളി. ഐസിയു ഒരുക്കാന്‍ സംവിധാനമുണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ അവ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുള്ള ആശുപത്രികളുമുണ്ട്.

അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ 200ല്‍ അധികം ഐസിയു കിടക്കകള്‍ ഒരുക്കാനുള്ള സംവിധാനമുണ്ടെന്നിരിക്കെ, ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം മൂലം നൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള മെഡിക്കല്‍ സംഘത്തെ നയിക്കുന്ന ഡോ. സന്തോഷ്‌കുമാര്‍ പറഞ്ഞു. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വളരെ അത്യാവശ്യം എന്നു തോന്നുവരെ മാത്രമേ ഐസിയുവിലേക്കു മാറ്റേണ്ടതുള്ളൂ എന്നതടക്കം കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്കു നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സ ഉറപ്പാക്കാന്‍ ബിഎംസി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular