സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു: രോഗവ്യാപനവേഗ കൂടുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഏഴായിരം വരെയാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ആദ്യ 500 തികയാന്‍ 90 ദിവസം സമയമെടുത്തപ്പോള്‍ അവസാന 500 രോഗികള്‍ തികഞ്ഞതു വെറും അഞ്ചു ദിവസം കൊണ്ടാണെന്നത് കോവിഡ് വ്യാപനത്തിന്റെ വേഗം വ്യക്തമാക്കുന്നു. സമൂഹവ്യാപനതോത് അളക്കാനുളള ആന്റിബോഡി പരിശോധന ഇന്നുമുതല്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.

തൃശൂരിലെ വിദ്യാര്‍ഥിനിക്ക് ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് ജനുവരി 30ന്. മൂന്നു മാസമെടുത്തു മേയ് ആദ്യവാരത്തില്‍ അഞ്ഞൂറ് രോഗികളെന്ന കണക്ക് തികയാന്‍. പ്രവാസികളെത്തിത്തുടങ്ങിയ, മൂന്നാംഘട്ടത്തിന്റെ തുടക്കമെന്ന് കണക്കാക്കുന്ന മേയ് 7 മുതല്‍ 27 വരെയുളള വെറും 20 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ആയിരത്തിലെത്തി. പിന്നീടുളള പത്തു ദിവസം കൊണ്ട് കോവിഡ് കണക്കുകള്‍ ഇരട്ടിച്ച് രണ്ടായിരം കടന്നു. മരണസംഖ്യ പതിനാറ് ആയി ഉയര്‍ന്നു.

മൂന്നാം ഘട്ടത്തിലെ ആയിരത്തഞ്ഞൂറില്‍ 728 പേര്‍ വിദേശത്ത് നിന്നു വന്നവരും 617 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ദിനംപ്രതി ഉയരുന്നതും ശുഭസൂചനയല്ല. തിരുവനന്തപുരത്തെ ആശുപത്രിയില്‍ മരിച്ച വൈദികനും കൊല്ലത്ത് വീട്ടില്‍ മരിച്ചു കിടന്ന ആള്‍ക്കുമുള്‍പ്പെടെ 30 ലേറെപ്പേരുടെ രോഗഉറവിടം വ്യക്തമല്ലാത്തത് നിശബ്ദ രോഗവ്യാപനത്തിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ തറപ്പിച്ച് പറയുന്നു.

ആന്റിബോഡി പരിശോധനയിലൂടെ രോഗവ്യാപനത്തിന്റെ തോതറിയാനാണ് ഇനി ശ്രമം. ഇന്നലെ ആരോഗ്യപ്രവര്‍ത്തകരില്‍ തുടക്കമിട്ട പരിശോധന ഇന്നുമുതല്‍ രോഗസാധ്യതയുളള കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. രക്തപരിശോധനയിലൂടെ മുമ്പ് രോഗം ബാധിച്ച് സുഖപ്പെട്ടവരെയും കണ്ടെത്താനാകും. പൊലീസുകാര്‍,റേഷന്‍കടക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍,ചുമട്ടുതൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍, തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപഴകുന്നവരെ പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ പതിനായിരം പേരെ പരിശോധിക്കും.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular