കോവിഡ്; രോഗവ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്

ജനീവ: ആഗോളതലത്തില്‍ കോവിഡ് മഹാമാരി സാഹചര്യം രൂക്ഷമാവുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അമിത ആത്മവിശ്വാസത്തിനെതിരെയും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കി. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗികളുടെ തോത് രേഖപ്പെടുത്തിയത് അമേരിക്കയിലാണെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

അതേസമയം, പല രാജ്യങ്ങളിലും പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. അതേസമയം, ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ചാവ്യാധി വിദഗ്ധന്‍ വാന്‍ കോര്‍കോവ് പറഞ്ഞു. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്പിലെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാഹചര്യം മോശമാവുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തില്‍ ഒന്‍പതിലും ഒരു ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച മാത്രം 1.36 ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം ഇത്രയും ഉയര്‍ന്ന തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. ഞായറാഴ്ചത്തെ രോഗികളില്‍ 75 ശതമാനവും 10 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കൂടുതല്‍പ്പേരും അമേരിക്ക, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും.

അമിത ആത്മവിശ്വാസമാണ് ഏറ്റവും വലിയ ഭീഷണിയെന്നും ടെഡ്രോസ് പറഞ്ഞു. ആഗോളതലത്തില്‍ പലരും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ആറുമാസത്തിലധികമായി മഹാമാരി നമ്മുടെ ഇടയില്‍ വന്നിട്ട്. ഇപ്പോള്‍ ഈ പോരാട്ടത്തില്‍നിന്ന് ഒരു രാജ്യത്തിനും പിന്നോട്ടുപോകാനാകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഎസില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, പ്രതിഷേധിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് യുഎസിലെ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഇടയ്ക്കിടെ കൈകള്‍ കഴുകണമെന്നും മാസ്‌ക് ധരിക്കണമെന്നും ടെഡ്രോസ് ആവശ്യപ്പെട്ടു.

ഇതുവരെ ലോകമെങ്ങുമായി 7 ദശലക്ഷം പേരെ രോഗം ബാധിച്ചിട്ടുണ്ട്. മരണം നാലു ലക്ഷത്തിനു മുകളിലെത്തി. ആദ്യം കിഴക്കന്‍ ഏഷ്യയായിരുന്നു മഹാമാരിയുടെ ഉദ്ഭവകേന്ദ്രം. പിന്നീടത് യൂറോപ്പ് ആയി. ഇപ്പോള്‍ അമേരിക്കയാണ് ഉദ്ഭവകേന്ദ്രമായി മാറിയിരിക്കുന്നത്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular