പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെൺകുട്ടിയുടെ കുടുംബം

കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സർവ്വകലാശാല നിയമം പരിശോധിച്ച ശേഷം ആലോചിക്കുമെന്ന് പൊലീസിന്‍റെ അറിയിച്ചു. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്. മകൾക്ക് കോളേജ് അധികൃതരിൽ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം.

എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച ചേർപ്പുങ്കൽ ബിവിഎം കോളേജ് അഞ്ജു കോപ്പിയടിച്ചതിന്‍റെ തെളിവുകൾ ഉൾപ്പെടെ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയില്‍ പാരലായി പഠിക്കുന്ന അവസാനവർഷം കൊമേഴ്സ് വിദ്യാർഥിനി അഞ്ജു ഷാജിയുടെ പരീക്ഷാകേന്ദ്രം ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് ആയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ എഴുതാനായി അഞ്ചു ചേർപ്പുങ്കലിലെ കോളേജിലെത്തി, പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം അധ്യാപകർ മാനസികമായി തളർത്തി എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

പെൺകുട്ടി ചേർപ്പുങ്കൽ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫയർ ഫോഴ്സും പൊലീസും പെൺകുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് അഞ്ജുവിന്‍റെ മൃതദേഹം കിട്ടിയത്.

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular