ഒരു മാസം മുന്‍പ് ഋതുമതിയായ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയ്ക്ക് വിവാഹം നടത്തി വീട്ടുകാര്‍ ; നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം. ഈ മാസം ഒന്നിന് തെലങ്കാനയിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുകാരിയെ 23 വയസ്സുള്ള പുരുഷനാണ് വിവാഹം കഴിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ വിവാഹത്തിന് ആശിര്‍വദിച്ച പുരോഹിതനും വധൂവരന്‍മാരുടെ ബന്ധുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോക്‌സോ നിയമപ്രകാരം പൊലീസില്‍ കേസും എടുത്തിട്ടുണ്ട്.

ബലാല ഹക്കുള സംഗം എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ അച്യുത റാവു ആണ് സംഭവം പുറത്തുകൊണ്ടുവന്നത്. കടുത്ത നടപടി ആവശ്യപ്പെട്ട് അദ്ദേഹം അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകെല ഗുണ്ട്‌ലപോച്ചംപള്ളിയില്‍ മെഡ്ചല്‍ ജില്ലയില്‍ മാതാ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം. എഫ്‌ഐആര്‍ പ്രകാരം പെണ്‍കുട്ടിക്ക് 16 വയസ്സ് എന്നാണു പറയുന്നതെങ്കിലും ആറാം ക്ലാസ്സിലാണു പഠിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഒരു മാസം മുന്‍പു മാത്രമാണത്രേ പെണ്‍കുട്ടി ഋതുമതിയായെതെന്നും പറയപ്പെടുന്നു. രാജു എന്നാണു വരന്റെ പേര്. നിര്‍മാണ തൊഴിലാളിയാണ്.

30 പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. വിവാഹങ്ങള്‍ക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണെങ്കിലും പങ്കെടുത്ത ഒരാള്‍ പോലും മാസ്‌ക് ധരിച്ചിട്ടില്ല. സാമൂഹിക അകലവും പാലിച്ചിട്ടില്ല. എല്ലാ ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്നതിനിടെ, വിവാഹം നടത്താന്‍ വേണ്ടി മാത്രം മാതാ ക്ഷേത്രം തുറന്നുകൊടുക്കുകയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഈ മാസം എട്ടിനു ശേഷം മാത്രമേ ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടുള്ളൂ.

പോക്‌സോ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം 371 അനുസരിച്ചും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി അച്യുത് റാവു അറിയിച്ചു. എന്നാല്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും തെലങ്കാനയില്‍ ശൈശവ വിവാഹങ്ങള്‍ വ്യാപകമാണ്. അപൂര്‍വം സംഭവങ്ങള്‍ മാത്രമാണു പുറത്തുവരുന്നതും അധികൃതര്‍ ഇടപെടുന്നതും

Follow us- pathram online

Similar Articles

Comments

Advertismentspot_img

Most Popular