പാമ്പ് കടിച്ച സംഭവത്തിലും അച്ഛന് പങ്ക്; ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പോലീസ്, ഉത്രയുടെ 54 പവന്‍ സ്വര്‍ണം കണ്ടെത്തി; ബാക്കി എവിടെ?

അടൂര്‍ : കൊല്ലപ്പെട്ട ഉത്രയുടെ 16 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഗരത്തിലെ ബാങ്ക് ശാഖയില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. ഉത്രയുടെയും സൂരജിന്റെയും പേരിലുള്ള ലോക്കറില്‍നിന്ന് 10 പവനും ഇതേ ബാങ്കില്‍ പണയം വച്ച 6 പവനുമാണ് കണ്ടെത്തിയത്. സ്വര്‍ണം പണയപ്പെടുത്തി ഒരുലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന വൈകിട്ട് 4ന് ആണ് പൂര്‍ത്തിയായത്.

ലോക്കറില്‍നിന്നു കാണാതായ സ്വര്‍ണത്തില്‍ ഒരു ഭാഗം വിറ്റതായും കുറേ സ്വര്‍ണം പണയം വച്ചതായും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി സൂരജിനെ കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ ജനക്കൂട്ടമായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിനൊപ്പം കൊണ്ടുവന്ന സൂരജിനെ ബാങ്കിലേക്ക് എത്തിക്കാതെയാണ് ലോക്കര്‍ തുറന്ന് പരിശോധന നടത്തിയത്. അടൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലാണ് സൂരജിനെ പരിശോധന തീരും വരെ ഇരുത്തിയത്.

96 പവന്‍ സ്വര്‍ണാഭരണമാണ് ഉത്രയ്ക്ക് വീട്ടുകാര്‍ നല്‍കിയത്. 38 പവന്‍ സ്വര്‍ണം സൂരജിന്റെ വീട്ടുപരിസരത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ബാക്കി സ്വര്‍ണത്തിന്റെ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ സൂരജിന്റെ മറ്റൊരു ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.

സാമ്പത്തിക ഇടപാടുകളൊന്നും സൂരജിന്റെ വീട്ടുകാര്‍ ഉത്രയെ അറിയിപ്പിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സൂരജിന്റെ അച്ഛനാണ് മിക്ക ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. പാമ്പ് കടി സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കേസില്‍ നിര്‍ണായകമാകുന്ന ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular