പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി കഴിവില്ലാത്തവരാണ്. ഇങ്ങനെയുള്ളവര്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തികച്ചും വേദനാജനകമാണ്. നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലേക്ക് വരുന്നവര്‍ എത്ര ലക്ഷം ഉണ്ടെങ്കിലും അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു. ഇതിന് നേര്‍ വിപരീതമാണ് ഇന്നലത്തെ പ്രഖ്യാപനം.

ജോലിയും തൊഴിലുമെല്ലാം നഷ്ടപ്പെട്ട് ചില്ലിക്കാശ് പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ തന്നെ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. നിലപാട് തിരുത്തി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചാര്‍ജ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രസ്താവന മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറന്നടിച്ചു. മുഖ്യമന്ത്രി അഭ്യര്‍ഥിച്ചാല്‍ ചെലവ് വഹിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് പല സഹായങ്ങളും നല്‍കാമെന്ന് പറഞ്ഞപ്പോഴും മുഖ്യമന്ത്രി നിരസിച്ചുവെന്ന് ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി. പ്രവാസികള്‍ ക്വാറന്റീന് പണം നല്‍കണമെന്ന നിലപാട് വഞ്ചനയാണ്. പ്രവാസികളെ അവഹേളിച്ച മുഖ്യമന്ത്രി മാപ്പ് പറയണം എന്നും ബെന്നി ബഹനാന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിലപാട് ഖേദകരമെന്ന് കെ.പി.എ.മജീദ് പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റീന്‍ സൗകര്യങ്ങള്‍ക്കു പണം നല്‍കണമെന്ന കേരളത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഗള്‍ഫിലെ പ്രവാസി മലയാളികളും ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് തീരുമാനമെന്നാണ് പ്രതികരണം. അര്‍ഹതപ്പെട്ടവര്‍ക്കെങ്കിലും സൗജന്യസേവനം ഒരുക്കണമെന്നാണ് പ്രവാസികളുടെ അഭ്യര്‍ഥന. പാവപ്പെട്ടവര്‍ക്ക് ഇളവു നല്‍കുന്നതു പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular