മദ്യവില്‍പ്പന നാളെ മുതല്‍ ‘ബവ് ക്യൂ’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: മദ്യവില്‍പ്പന നാളെ മുതല്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാന്‍ ടോക്കണ്‍ ലഭ്യമാക്കുന്നതിനുള്ള ബവ്‌റിജസ് കോര്‍പറേഷന്റെ ‘ബവ് ക്യൂ’ മൊബൈല്‍ ആപ്ലിക്കേഷന് ഒടുവില്‍ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം.

ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്‌റ്റോറിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. മദ്യവിതരണത്തിന്റെ തയാറെടുപ്പുകള്‍ വിശദീകരിക്കാന്‍ 3.30ന് എക്‌സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചു.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍നിന്ന് 50 പേര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. പേരും മൊബൈല്‍ നമ്പറും പിന്‍കോഡ് അടിച്ചാല്‍ അടുത്തുള്ള മദ്യശാലകളിലേക്കു ടോക്കണ്‍ ലഭിക്കും.ബവ്‌റിജസ് ഔട്ട്‌ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകില്ല. കൗണ്ടറുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് കമ്പനി വെളിപ്പെടുത്തുന്നുമില്ല.

ബാറുകള്‍ക്ക് കൂടുതല്‍ ടോക്കണ്‍ ലഭിച്ചാല്‍ വിവാദമുണ്ടാകാം. പിന്‍കോഡ് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാല്‍ പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകള്‍ പരിഹരിച്ച് ആപ്പ് പ്ലേ സ്‌റ്റോറിലേക്ക് അപ്ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെയാണു കമ്പനി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്പനി നിശ്ചിത സമയത്ത് ജോലി പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് ഐടി മിഷന്‍ അടക്കമുള്ളളവരുടെ സേവനം ബവ്‌കോ തേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular