രണ്ടാം വരവില്‍ കൊറോണ വൈറസ് തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകടകാരിയുമാണ് ഡോക്ടര്‍മാര്‍

ബെയ്ജിങ്: രണ്ടാം വരവില്‍ കൊറോണ വൈറസ് തികച്ചും വ്യത്യസ്തവും കൂടുതല്‍ അപകടകാരിയുമാണെന്ന ആശങ്കയില്‍ ചൈനീസ് ഡോക്ടര്‍മാര്‍. വടക്കുകിഴക്കന്‍ മേഖലയില്‍ പുതുതായി രോഗബാധിതരായവരില്‍ വൈറസ് പ്രകടമാകുന്നത് രോഗബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിലേതില്‍നിന്നു വ്യത്യസ്തമായാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അജ്ഞാതമായ രീതിയില്‍ വൈറസിനു മാറ്റം വരുന്നുവെന്നതിന്റെ സൂചനയാണിതെന്നും അവര്‍ ആശങ്കപ്പെടുന്നു. വൈറസ് പ്രതിരോധത്തെ ഇതു കൂടുതല്‍ സങ്കീര്‍ണമാക്കാനാണു സാധ്യത.

വടക്കന്‍ പ്രവിശ്യയായ ജിലിന്‍, ഹെയ്‌ലോങ്ജിയാങ് എന്നിവിടങ്ങളില്‍ രോഗബാധിതരില്‍ വൈറസ് ഏറെക്കാലം നിലനില്‍ക്കുകയാണ്. ഏറെ വൈകിയാണ് ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്നതെന്നു പ്രമുഖ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടറായ ക്യൂ ഹൈബോ പറഞ്ഞു. വുഹാനില്‍ വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ പുതിയ രോഗികളില്‍ ഏറെ വൈകിയാണു രോഗലക്ഷണം പ്രകടമാകുന്നത്.

ഇതു രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനുള്ള അധികൃതരുടെ നീക്കങ്ങള്‍ക്കു തിരിച്ചടിയാവുകയാണ്. കുടുംബങ്ങളില്‍ അതിവേഗം രോഗം പടരാനും ഇതു കാരണമാകുന്നുണ്ടെന്നും ഡോ. ഹൈബോ പറഞ്ഞു. വുഹാനില്‍ രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഇപ്പോള്‍ വടക്കന്‍ പ്രവിശ്യയിലാണുള്ളത്.

വുഹാനിലെ രോഗികള്‍ക്കു ഹൃദയം, വൃക്ക, കുടല്‍ എന്നീ ഭാഗങ്ങളില്‍ തകരാറു സംഭവിച്ചിരുന്നു. എന്നാല്‍ വടക്കുകിഴക്കന്‍ ക്ലസ്റ്റസില്‍ ശ്വാസകോശത്തിനാണു കൂടുതല്‍ തകരാറ് സംഭവിക്കുന്നതെന്ന് ഡോ. ഹൈബോ പറഞ്ഞു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള രാജ്യങ്ങളിലൊന്നായ റഷ്യയില്‍നിന്നെത്തിയവരില്‍നിന്നാണ് വടക്കുകിഴക്കന്‍ ഭാഗത്തുള്ളവര്‍ക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്. ഇവിടെ 10% പേര്‍ക്കു മാത്രമേ രോഗം ഗുരുതരമായിട്ടുള്ളു. 26% പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular