‘പിറ്റേ ദിവസത്തെ ഇന്ത്യന്‍ പത്രങ്ങള്‍ കണ്ട ഞാന്‍ ഞെട്ടി… സത്യം പറഞ്ഞാല്‍ വലിയ സങ്കടം തോന്നി, വില്യംസിന്റെയും കോലിയുടെ നോട്ട് ബുക്ക് ആഘോഷത്തെക്കുറിച്ച്…

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വെസ്റ്റിന്‍ഡീസ് ബോളര്‍ കെസറിക് വില്യംസും നേര്‍ക്കുനേരെത്തിയ ‘നോട്ട്ബുക് ആഘോഷം’ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോഴാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നോട്ട്ബുക് ആഘോഷം നടന്നത്. ഹൈദരാബാദില്‍ നടന്ന ഇന്ത്യ–വിന്‍ഡീസ് ട്വന്റി20 മത്സരത്തിനിടെ വില്യംസിനെതിരെ സിക്‌സര്‍ നേടിയ ശേഷമാണ് സാങ്കല്‍പ്പിക നോട്ട്ബുക്കില്‍ കുറിപ്പെഴുതുന്നതുപോലുള്ള വില്യംസിന്റെ തന്നെ ആഘോഷം കോലി അനുകരിച്ചത്. 2017ല്‍ വെസ്റ്റിന്‍ഡീസില്‍വച്ച് തന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ഇതേ രീതിയില്‍ ആഘോഷിച്ചതിനുള്ള തിരിച്ചടിയാണ് തന്റെ ആഘോഷമെന്ന് മത്സരശേഷം കോലി വിശദീകരിച്ചിരുന്നു.

നോട്ട്ബുക് ആഘോഷവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ഇപ്പോഴിതാ, സാക്ഷാല്‍ കെസറിക് വില്യംസ് രംഗത്ത്. കോലിയുമായുള്ള മുഖാമുഖത്തെക്കുറിച്ച് ഒരു ലൈവ് ചാറ്റിനിടെയാണ് വില്യംസ് വിശദീകരിച്ചത്. അന്നത്തെ നോട്ട്ബുക് ആഘോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സംഭവിച്ച കാര്യങ്ങള്‍ വില്യംസ് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

‘ജമൈക്കയില്‍വച്ച് ഞാന്‍ ആദ്യമായി നോട്ട്ബുക് ആഘോഷം പുറത്തെടുത്തത് കോലിക്കെതിരെയാണ്. എനിക്കു വളരെയധികം ഇഷ്ടമുള്ള ആഘോഷമെന്ന നിലയ്ക്കും ആരാധകരെ സന്തോഷിപ്പിക്കാനുമാണ് ഞാന്‍ അന്ന് ആ രീതിയില്‍ ആഘോഷിച്ചത്. പക്ഷേ, കോലി ആ ആഘോഷം വ്യത്യസ്തമായ രീതിയിലാണ് കണ്ടത്. അന്ന് മത്സരം കഴിഞ്ഞ് ഞങ്ങള്‍ ഹസ്തദാനം നടത്തുമ്പോള്‍ എന്റെ ബോളിങ്ങിനെ കോലി അഭിനന്ദിച്ചു. പക്ഷേ, ആ ആഘോഷത്തോടുള്ള താല്‍പര്യക്കുറവും പ്രകടമാക്കി. അതിനുശേഷം അദ്ദേഹം നടന്നുപോകുകയും ചെയ്തു’ – വില്യംസ് പറഞ്ഞു.

‘പിന്നീട് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയപ്പോഴാണ് ബാക്കി സംഭവിക്കുന്നത്. ഒരു മത്സരത്തിനിടെ വിരാട് കോലി ബാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ നേരെ വന്നത് എന്റെ അടുത്തേക്ക്. ഇന്ന് നിന്റെ നോട്ട്ബുക് ആഘോഷം നടക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. അതിനായി വേണ്ടതു ചെയ്യുമെന്നും പറഞ്ഞാണ് അദ്ദേഹം ക്രീസിലേക്കു പോയത്.’ – വില്യംസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പു നടന്ന സംഭവം ഇപ്പോഴും കോലി ഓര്‍ത്തുവച്ചതില്‍ തനിക്ക് അദ്ഭുതം തോന്നിയെന്നും വില്യംസ് വെളിപ്പെടുത്തി. അന്ന് വില്യംസിനെതിരെ 12 പന്തില്‍നിന്ന് 32 റണ്‍സാണ് കോലി അടിച്ചെടുത്തത്.

ശരിക്കും! ഞാന്‍ അദ്ഭുതപ്പെട്ടുപോയി. 2017ല്‍ നടന്ന സംഭവത്തെക്കുറിച്ചാണ് കോലി ഇപ്പോഴും ഓര്‍ത്തുവച്ച് പറയുന്നത്. അന്ന് ഞാന്‍ ഓരോ പന്തെറിയുമ്പോഴും കോലി എന്തെങ്കിലുമൊക്കെ പറയും. ‘സഹോദരാ, വായടച്ച് ബാറ്റ് ചെയ്യൂ. കുട്ടികളേക്കാളും കഷ്ടമാകരുത്’ എന്നായിരുന്നു എന്റെ പ്രതികരണം’ – വില്യംസ് പറഞ്ഞു.

‘പക്ഷേ, കോലി കേട്ടത് ഞാന്‍ പറഞ്ഞതിന്റെ ആദ്യ ഭാഗം മാത്രമാണ്. ‘അതായത് വായടച്ച് ബാറ്റു ചെയ്യൂ’ എന്നതു മാത്രം. കാരണം, ബോളിങ്ങിനായി തിരികെ നടക്കുമ്പോഴാണ് ബാക്കി കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത്. ഇതോടെ കോലി കൂടുതല്‍ ക്രുദ്ധനായി. അവിടുന്നങ്ങോട്ട് കോലി എന്നെ ശക്തമായി പ്രഹരിച്ചു. എനിക്കാണെങ്കില്‍ ആകെ സംശയവുമായി. കോലിയുമായുള്ള വാക്‌പോര് നിമിത്തം എന്റെ ശ്രദ്ധയെല്ലാം പതറി. ഇത് ബോളിങ്ങിനെയും ബാധിച്ചു. പിന്നെയൊന്നും പറയേണ്ടല്ലോ. കനത്ത രീതിയിലാണ് കോലി എന്നെ പ്രഹരിച്ചത്.’

പിറ്റേദിവസം ഇന്ത്യയിലെ പത്രങ്ങളിലെല്ലാം തന്റെ ചിത്രവും കോലിയുടെ ആഘോഷവും കണ്ട് വിസ്മയം തോന്നിയെന്നും വില്യംസ് പറഞ്ഞു. അന്ന് തോന്നിയ നിരാശയും സങ്കടവുമാണ് തിരുവനന്തപുരത്ത് നടന്ന അടുത്ത മത്സരത്തില്‍ തനിക്ക് കരുത്തു പകര്‍ന്നതെന്നും വില്യംസ് വെളിപ്പെടുത്തി.

‘പിറ്റേ ദിവസത്തെ ഇന്ത്യന്‍ പത്രങ്ങള്‍ കണ്ട ഞാന്‍ ഞെട്ടി. സത്യം പറഞ്ഞാല്‍ വലിയ സങ്കടം തോന്നി. പക്ഷേ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. ‘കോലി നിങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച താരം നിങ്ങളായിരിക്കാം, പക്ഷേ ഏറ്റവും നിശ്ചയദാര്‍ഢ്യമുള്ള താരം ഞാനാണ്’ എന്ന് മനസ്സില്‍ പറഞ്ഞു. അങ്ങനെയൊന്നും വിട്ടുകൊടുക്കാന്‍ ഞാന്‍ തയാറായിരുന്നില്ല. സാഹചര്യങ്ങള്‍ മോശമാകുമ്പോഴാണ് എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനം കിട്ടുക’ വില്യംസ് വിശദീകരിച്ചു. ഹൈദരാബാദില്‍നിന്ന് അടുത്ത മത്സരത്തിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനത്തില്‍വച്ച് കോലി അംഗവിക്ഷേപങ്ങളിലൂടെ പരിഹസിച്ചെന്നും വില്യംസ് വ്യക്തമാക്കി.

‘മത്സരത്തില്‍ കോലി ബാറ്റിങ്ങിനായി തയാറെടുത്ത് ബൗണ്ടറിക്കരികെ നില്‍ക്കുകയാണ്. ഞാന്‍ ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുന്നു. ഞാന്‍ കോലിയെ നോക്കുമ്പോഴെല്ലാം അദ്ദേഹം കളിയാക്കുന്ന മട്ടില്‍ തലയാട്ടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ കോലിക്കെതിരെ ബോള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമേറി’ – വില്യംസ് പറഞ്ഞു. എന്തായാലും ഹൈദരാബാദില്‍ കാട്ടിയ ആവേശത്തിനു കോലി വിലകൊടുക്കേണ്ടി വന്നത് തിരുവനന്തപുരത്താണ്. ഇവിടെ നടന്ന രണ്ടാം ട്വന്റി20യില്‍ കോലിയെ പുറത്താക്കിയത് ഇതേ വില്യംസ് തന്നെ! 17 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 19 റണ്‍സെടുത്ത കോലിയെ വില്യംസിന്റെ പന്തില്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സാണ് ക്യാച്ചെടുത്തു മടക്കിയത്. വിക്കറ്റ് നേട്ടത്തിനു പിന്നാലെ മറ്റൊരു ‘നോട്ട്ബുക് ആഘോഷ’വുമായി തക്ക മറുപടി പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് തികച്ചും വ്യത്യസ്തമായാണ് വില്യംസ് ഇക്കുറി പ്രതികരിച്ചത്.

വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളെ സാക്ഷിനിര്‍ത്തി ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് ‘മിണ്ടരുത്’ എന്ന് ആംഗ്യം കാട്ടിയായിരുന്നു അത്. എന്തായാലും വില്യംസിന്റെ ഈ അപ്രതീക്ഷിത പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്നീട് രവീന്ദ്ര ജഡേജയെ ക്ലീന്‍ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റ് നേടിയപ്പോഴും സമാനമായ രീതിയിലാണ് വില്യംസ് ആഘോഷിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular