റിയാദില്‍ നിന്ന് 152 പേരടങ്ങുന്ന സംഘം കരിപ്പൂരെത്തി

മലപ്പുറം : കേരളത്തിന്റെ തണലിലേയ്ക്ക് രണ്ടാം ദിനവും പ്രവാസികള്‍ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങള്‍ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്.

കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. ഇതില്‍ 23 ഗര്‍ഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക് മലപ്പുറം 48, പാലക്കാട് 10, കോഴിക്കോട് 23, വയനാട് നാല്, ആലപ്പുഴ മൂന്ന്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്, കണ്ണൂര്‍ 17, കാസര്‍ഗോഡ് രണ്ട്, കൊല്ലം ഒമ്പത്, കോട്ടയം ആറ്, പത്തനംതിട്ട ഏഴ്, തിരുവനന്തപുരം രണ്ട്. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് പേരും കര്‍ണാടക സ്വദേശികളായ എട്ട് പേരും സംഘത്തിലുള്‍പ്പെടുന്നു.

റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ്–19 തെര്‍മല്‍ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പരിശോധനകള്‍ റിയാദ് യാത്രക്കാരില്‍ നടത്തിയിട്ടില്ല. റിയാദിന് പുറമെ അല്‍ ഹസ്സ, ദവാദ്മി, അല്‍ ഖസീം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.

കോഴിക്കോട്ടേക്ക് ആണ് വിമാനമെങ്കിലും കേരളത്തിന്റെ തെക്കേ അറ്റത്തുള്ളവരും നാട്ടിലെത്താനുള്ള അവസരം ഉപയോഗപ്പെടുത്തി. നാട്ടിലെത്തിയാല്‍ ഗര്‍ഭിണികള്‍ക്ക് വീട്ടിലേക്ക് പോകാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കേണ്ടവര്‍ എങ്ങനെ വീട്ടിലെത്തും എന്നു സംബന്ധച്ച അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കോട്ടയത്തുള്ള ചില യാത്രക്കാര്‍ പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular