ഇവിടെ കോവിഡ് അതിരൂക്ഷമാണ്; ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു; രോഗം വന്നാല്‍ പാരസെറ്റമോള്‍ കഴിക്കുക, വീട്ടിലിരിക്കുക..!!! ലണ്ടനില്‍ നിന്നും കൊറോണ ഭീതിയില്‍ മലയാളികളുടെ പ്രിയതാരം..

സീരിയല്‍ ആസ്വാദകരായ മലയാളികളുടെ പ്രിയ താരമാണ് ശ്രീകല ശശിധരന്‍. സീരിയലുകളില്‍ നിന്നും ശ്രീകല കഴിഞ്ഞ ഒരു വര്‍ഷമായി ഇടവേളയെടുത്ത് ഭര്‍ത്താവിനൊപ്പം യു.കെയിലാണ്. ഇപ്പോള്‍ ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇക്കാര്യങ്ങള്‍ പ്രമുഖ മാധ്യമത്തിന് മുന്നില്‍ താരം പങ്കുവച്ചു.

ലണ്ടനില്‍ കോവിഡ് 19 അതിരൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. രോഗം വന്നാല്‍ വീട്ടിലിരിക്കുക, പാരസെറ്റമോള്‍ കഴിക്കുക.. ഇതാണ് രീതി. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളില്‍ എത്തുക.

കേരളത്തില്‍ വളരെ ഭംഗിയായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വാര്‍ത്തകളിലൂടെ കാണാറുണ്ട്. നാട് ഏറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്‌ലാറ്റിനുള്ളില്‍ അടച്ചിരിപ്പാണ്. രാത്രിയാകുമ്പോള്‍ ആരും കാണാതെ ഫ്‌ലാറ്റിന്റെ കോംപൗണ്ടിലൂടെ കുറച്ചുനേരം വലംവയ്ക്കും. അത് മാത്രമാണ് ഒരാശ്വാസം. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയും വേഗം നിയന്ത്രവിധേയമാകണേ എന്നാണ് ഇപ്പോഴുള്ള പ്രാര്‍ഥന. എന്നിട്ടു വേണം നാട്ടിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യാന്‍.

നഗരത്തില്‍ നിന്നും മാറിയുള്ള ഒരുള്‍പ്രദേശത്താണ് ഫ്‌ലാറ്റ്. നാട്ടിലെ പോലെയല്ല ഇവിടുത്തെ സംസ്‌കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ സ്വന്തം ഫ്‌ലാറ്റില്‍ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാന്‍ പാടില്ല. ഞാന്‍ വന്ന സമയത്ത് ഫ്‌ലാറ്റില്‍ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുള്ളവര്‍ വന്നു പരാതി പറഞ്ഞു.

ഭര്‍ത്താവ് വിപിന്‍ ഐടി പ്രഫഷനലാണ്. ഞങ്ങള്‍ക്കൊരു മകനുണ്ട്. സാംവേദ്. ഇപ്പോള്‍ ഒന്നാം കഌസില്‍ പഠിക്കുന്നു. ചേട്ടന്റെ നാട് കണ്ണൂരാണ്. തറവാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ വരുന്ന പോലെതന്നെയുള്ള വീടാണ് അവിടുത്തേത്. നാലുകെട്ടും നടുമുറ്റവും അറയും പുരയും പറമ്പും കുളവും വൃക്ഷങ്ങളുമെല്ലാമുള്ള ഒരു കൊച്ചു സ്വര്‍ഗമാണ് ആ വീട്.

സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരമായതു കൊണ്ട് ഞങ്ങള്‍ രണ്ടുവര്‍ഷം മുന്‍പ് അവിടെ ഒരു വില്ല വാങ്ങിച്ചു. പക്ഷേ അവിടെ അധികം താമസിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ചേട്ടന്‍ ഓണ്‍സൈറ്റ് വര്‍ക്കിനു യുകെയിലേക്ക് പോയി. അങ്ങനെ ഞാനും മോനും കൂടെപ്പോയി.

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് എന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛന്‍, അമ്മ, ചേച്ചി, ഞാന്‍. ഇതായിരുന്നു കുടുംബം. മൂന്നു വയസ് വരെ അമ്മയുടെ തറവാട്ടിലാണ് കഴിഞ്ഞത്. അതിനുശേഷം തറവാട്ടില്‍ നിന്നും ഓഹരി കിട്ടിയ അടുത്തുള്ള സ്ഥലത്ത് അച്ഛന്‍ വീടുവച്ചു. ഞങ്ങള്‍ അവിടേക്ക് താമസം മാറി.

സ്‌കൂള്‍ കാലത്ത് നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായിരുന്നു. അച്ഛനാണ് ഞാന്‍ പ്രശസ്തയാകണം എന്ന് എന്നേക്കാള്‍ ആഗ്രഹിച്ചിരുന്നത്. അച്ഛന്‍ എന്റെ ഫോട്ടോ മാഗസിനുകള്‍ക്കെല്ലാം മുഖചിത്രമായി പ്രസിദ്ധീകരിക്കാന്‍ അയക്കുമായിരുന്നു. അങ്ങനെ ഒരു പലതവണ ചിത്രങ്ങള്‍ വന്നു. പിന്നീട് അതുവഴി മിനിസ്‌ക്രീനിലേക്കുള്ള അവസരവും തെളിഞ്ഞുവന്നു.

Similar Articles

Comments

Advertismentspot_img

Most Popular