പ്രവാസി മടക്കം; പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

ദുബായ്: പ്രവാസി മടക്കത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു. മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും മാത്രമേ നിഷ്‌കര്‍ഷിച്ചിട്ടുള്ളൂ. അതേ സമയം സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവനാണ് കേന്ദ്രവിദേശ കാര്യ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കത്ത് അയച്ചിരിക്കുന്നത്.

മുന്‍ ഉത്തരവില്‍ 72 മണിക്കൂര്‍ സമയപരിധിയിലുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം ഇല്ലാത്തവരെല്ലാം വന്നിറങ്ങുന്ന വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റിനു വിധേയരാകണം എന്നും നിര്‍ദ്ദേശിച്ചിരുന്നു. യുഎഇയില്‍ നിന്നു റാപ്പിഡ് ടെസ്റ്റ് നടത്തി വന്നിറങ്ങുന്ന പ്രവാസികള്‍ വീണ്ടും റാപ്പിഡ് ടെസ്റ്റിന് വിധേയരാകണോ എന്നതിനും വ്യക്തതയില്ലായിരുന്നു.

സൗദി, കുവൈത്ത്

സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും വരുന്നവര്‍ പിപിഇ കിറ്റ് ധരിക്കണം. ഇതിനുപുറമെ ഫെയ്‌സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, ഗ്ലൗസ് എന്നിവയും ധരിക്കണം.

ഖത്തര്‍

ഇഹ്‌തെറാസ് എന്ന മൊബൈല്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് ഉള്ളവര്‍ക്ക് യാത്ര ചെയ്യാം. ഫെയ്‌സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, ഗ്ലൌസ് എന്നിവ ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണം.

ഒമാന്‍, ബഹ്‌റൈന്‍

ഫെയ്‌സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, ഗ്ലൌസ് എന്നിവ ധരിക്കണം. അണുനാശിനി ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണം.

കേരളത്തിലേക്ക് മടങ്ങുന്ന എല്ലാവരും https://covid19jagratha.kerala.nic.in എന്ന സൈറ്റില്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular