ഗ്രീന്‍, ഓറഞ്ച്-ബി സോണുകളില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ഓറഞ്ച് – എയില്‍ 24നു ശേഷം

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 (തിങ്കളാഴ്ച) മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ വരികയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ കേരളത്തെ നാലു സോണുകളായാണ് തിരിച്ചിട്ടുള്ളത്. റെഡ് സോണ്‍, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ സോണുകളായാണ് തിരിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി സോണിലുള്ളത്.

ഗ്രീന്‍, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്.

എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുമ്പുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ മേല്‍പ്പറഞ്ഞ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ക്ഡൗണ്‍ അതേപടി തുടരും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുളള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുളള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍കോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നുമാണ് വന്നത്.

സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ എട്ടുപേരുടേയും കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular