പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത. ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരെ ഉടന്‍ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ അയക്കാന്‍ ഇന്ത്യ തയ്യാറാണെന്ന കാര്യവും ഇന്ത്യ അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആണ് ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ നിര്‍ദേശിച്ചത്.

പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് തുടങ്ങുന്നതു വരെ സമയം വേണമെന്നും കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് താമസസ്ഥലത്ത് തന്നെ തുടരാനും നിര്‍ദേശിച്ചു.

അതേസമയം മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടു പോകാന്‍ അതതു രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാന്‍ നടപടി സ്വീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങളുമായി യു.എ.ഇ രംഗത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular