കുവൈത്തില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴി തെളിയുന്നു..

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെത്താനുള്ള ആഗ്രഹമുള്ളവര്‍ക്ക് വഴി തെളിയുന്നു. യുഎഇയും കുവൈത്തും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ കൊറോണ പരിശോധന നടത്തി നാട്ടിലേക്ക് പോവാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മാസം കുവൈത്തില്‍ നിന്നും 340 തടവുകാരെ നാട് കടത്തുന്നതിനുള്ള കുവൈത്ത് സര്‍ക്കാരിന്റെ ശ്രമം അവസാന നിമിഷം മുടങ്ങിയിരുന്നു. കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നാട് കടത്തുന്നവരുടെ കൊറോണ രോഗ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വിമാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് ഇന്ത്യ നിലപാട് അറിയിച്ചതോടെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടികള്‍ നിര്‍ത്തിവെച്ചത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ പുറപ്പെടുന്നതിനുള്ള അവസാന നിമിഷത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള അന്തിമ തീരുമാനം കുവൈത്തിനെ അറിയിച്ചത്. എന്നാല്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം ശനിയാഴ്ച കുവൈത്തില്‍ എത്തിയതോടെ നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ കൊറോണ പരിശോധന നടത്തി നാട്ടിലേക്ക് പോകാനുള്ള വാതിലുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ, കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലേഹ് നാടു കടത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തി.

താമസ കുടിയേറ്റ നിയമം ലംഘിച്ച വിദേശികളെ നാടുകടത്തുന്നതിനായി പാര്‍പ്പിച്ചിരിക്കുന്ന കബാദിലെ കേന്ദ്രത്തിലെത്തിയാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇവിടെ ഇന്ത്യക്കാരടക്കം നൂറു കണക്കിന് വിദേശികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജലീബ് അല്‍ ശുയൂഖ് മേഖലയില്‍ ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളും മന്ത്രി പരിശോധിച്ചു ഉറപ്പ് വരുത്തിയതായും മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ മാത്രമാണ് ശേഷിക്കുന്ന ഏക പോംവഴിയെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതോടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular