അനൗണ്‍സ്‌മെന്റ് ആണ് പണി പറ്റിച്ചത്…!!! അതിഥി തൊഴിലാളികള്‍ ഒന്നടങ്കം പുറത്തിറങ്ങി…

ലോക്ഡൗണിനു ശേഷം നാട്ടിലേക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതിഥി തൊഴിലാളികളില്‍ സീറ്റ് ഉറപ്പായവര്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്ന പൊലീസ് അനൗണ്‍സ്‌മെന്റ് കേട്ട തൊഴിലാളികള്‍ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങി. പത്തനംതിട്ട നഗരത്തിന്റെ പല ഭാഗത്തും അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കറങ്ങുന്നതു കണ്ട് പൊലീസിന് ആദ്യം കാര്യം പിടികിട്ടിയില്ല. പൊലീസ് ചോദിച്ചപ്പോള്‍, അക്ഷയ സെന്റര്‍ എവിടെ? പൊലീസ് സ്‌റ്റേഷന്‍ എവിടെ? തുടങ്ങിയ മറു ചോദ്യങ്ങളായിരുന്നു മറുപടി.

കൂടുതല്‍ വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. പൊലീസ് അനൗണ്‍സ്‌മെന്റ് കേട്ടവര്‍ക്കു മനസിലായത് 14നു ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമെന്നും ട്രെയിന്‍ ടിക്കറ്റ് വേണ്ടവര്‍ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്നുമാണ്. ടിക്കറ്റ് കണ്‍ഫേം ആയവര്‍ യാത്രയ്ക്ക് ഒരുങ്ങുക, മറ്റുള്ളവര്‍ പൊലീസുമായി ബന്ധപ്പെടുക എന്നാണ് അനൗണ്‍സ് ചെയ്തതെന്നു തൊഴിലാളികള്‍ പറഞ്ഞു. ടിക്കറ്റ് കണ്‍ഫേം ആകാത്തവരാണ് സീറ്റ് റിസര്‍വ് ചെയ്യാനായി പൊലീസ് സ്‌റ്റേഷനും അക്ഷയ സെന്ററും തേടി ഇറങ്ങിയത്.

തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ച പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് തൊഴിലാളികളെ തിരികെ അവരുടെ വീടുകളിലേക്ക് അയച്ചത്. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അനൗണ്‍സ്‌മെന്റ് വാഹനം കണ്ണങ്കര, വലഞ്ചുഴി ഭാഗത്ത് രാവിലെ മുതല്‍ ഓടിയത്. അനൗണ്‍സ്‌മെന്റില്‍ സംഭവിച്ച പിശകാണെന്നും തൊഴിലാളികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസ് നല്‍കിയ വിവരങ്ങളാണ് അനൗണ്‍സ്‌മെന്റിലൂടെ അറിയിച്ചതെന്നു മൈക്ക് സിസ്റ്റം ഉടമ പറഞ്ഞു. ഹിന്ദി അറിയാവുന്ന ആള്‍ തന്നെയാണ് അനൗണ്‍സ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular