മീന്‍പിടിക്കാം; വില്‍ക്കാം..!!! രാജ്യവ്യാപകമായി ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ് ബാധകമാക്കിയിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം രൂപീകരിച്ച ദേശീയ നിര്‍വാഹക സമതി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് അജയ് ഭല്ല.

അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനുംവേണ്ടി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഇവരെല്ലാം പാലിക്കണം. സ്ഥാപനങ്ങളുടെ മേധാവിമാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണില്‍ നിന്ന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. വിളവെടുപ്പും വിതയ്ക്കലുമടക്കം കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. കാര്‍ഷിക യന്ത്രങ്ങളും അവയുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ദേശീയ പാതകളിലെ ട്രക്ക് വര്‍ക്ക്‌ഷോപ്പുകള്‍ക്കും തുറക്കാം. തേയില വ്യവസായമടക്കമുള്ള പ്ലാന്റേഷനുകളില്‍ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തനം നടത്താം.

പോലീസ്, മാധ്യമങ്ങള്‍, ആരോഗ്യം, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും അതിന്റെ ഓാണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും, തുടങ്ങിയവയെ ലോക്ക്ഡൗണില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular