പ്രവാസി മലയാളികള്‍ മെയ് വരെ കാത്തിരിക്കണം; വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു.

വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍ സന്നദ്ധരാണ്. ജോര്‍ദാനിലെ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും അതിനായി താല്‍പര്യം അറിയിച്ചു. സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെയെത്തിക്കും. ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി.

അതേസമയം, 5,39,000 പേരെ പരിശോധിച്ചതായി യുഎഇ അറിയിച്ചു. 2000 പേര്‍ക്ക് രോഗമുണ്ട്. ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിമാന സര്‍വീസ് ആരംഭിക്കുന്നത് അവസാനം മതിയെന്നാണ് കേരളത്തിന്റെയും ശുപാര്‍ശയെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികള്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇടപെടും. ആവശ്യമെങ്കില്‍ മരുന്ന് ഇന്ത്യയില്‍ നിന്നു കൊണ്ടുപോകും. വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും.

ഇന്ന് കൊച്ചിയിലും ഡല്‍ഹിയിലും മൃതദേഹങ്ങള്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും അവശ്യമായ ഭക്ഷണ താമസ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular