മരുന്ന് നല്‍കണമെന്ന് മോദിയോട്..; ഇന്ത്യയുടെ സഹായം തേടി ട്രംപ്; മുഴുവന്‍ കരുത്തും അണിനിരത്തുമെന്ന് മോദി

വാഷിങ്ടന്‍ : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. ‘മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’– ട്രംപ് വ്യക്തമാക്കി.

കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ടു വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു ട്രംപ് ഇക്കാര്യം അറിയിച്ചത്. മലേറിയ മരുന്ന് കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. മികച്ച ചര്‍ച്ചയാണു ട്രംപുമായി നടത്തിയതെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ–- യുഎസ് സഖ്യത്തിന്റെ മുഴുവന്‍ കരുത്തും അണിനിരത്താനാണു തീരുമാനം. യുഎസില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതായും രോഗമുള്ളവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഞായറാഴ്ച വരെ 3,01,902 കോവിഡ് കേസുകളാണു യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 8175 ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 23,949 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 1023 മരണങ്ങളും സംഭവിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധത്തില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും നേരത്തേ ചര്‍ച്ച നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular