ആരോഗ്യമുള്ളവരെ കൊറോണ ഗുരുതരമായി ബാധിക്കില്ലെന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ് രോഗബാധിതര്‍. 68 പേര്‍ മരിച്ചു.

എന്നാല്‍, സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോള്‍ രോഗികളുടെ എണ്ണം 3290 ആവും. 183 പേരാണ് സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 41–60 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍.

ആരോഗ്യമുള്ളവരെ പൊതുവില്‍ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.

കോവിഡ് പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളും മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവയും ഉറപ്പാക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധം, ആസൂത്രണം എന്നിവയ്ക്കായി നിയോഗിച്ച ഉന്നതാധികാര സമിതികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ തയാറെടുപ്പുകള്‍, ആശുപത്രികളുടെ ലഭ്യത, ക്വാറന്റീന്‍, ഐസലേഷന്‍, പരിശീലന, ചികിത്സാസൗകര്യങ്ങള്‍ എന്നിവ അടക്കം സമിതി അവലോകനം ചെയ്തു.

കോവിഡ് വിഷയത്തില്‍ പ്രധാനമന്ത്രി മോദി 8നു പാര്‍ലമെന്റിലെ കക്ഷിനേതാക്കളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചോ അതിലേറെയോ അംഗങ്ങളുള്ള കക്ഷികളുടെ നേതാക്കളുമായാണു ചര്‍ച്ച. നാളെ വിഡിയോ കോണ്‍ഫറന്‍സിലൂടെ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരും.

Similar Articles

Comments

Advertismentspot_img

Most Popular