റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്.

ഏപ്രില്‍ 14ന് ശേഷം ലോക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. നിലവില്‍ ഇവര്‍ ആഭ്യന്തര സര്‍വീസുകളാണ് ഏപ്രില്‍ 15 മുതല്‍ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്. അതേസമയം, വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരമൊരു പദ്ധതി സര്‍ക്കാരിനില്ലെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular