കൊറോണ;മരണ സംഖ്യ ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഇതുവരെ മരിച്ചത് 42000 പേര്‍, സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 849 മരണം

ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈന ഏറെക്കുറെ പഴയനിലയിലേക്കു മടങ്ങിയെത്തി. വ്യവസായ സ്ഥാപനങ്ങളില്‍ 98.6 ശതമാനവും പ്രവര്‍ത്തനം പുനരാരംഭിച്ചു.

സ്‌പെയിന്‍: 24 മണിക്കൂറില്‍ 849 മരണം. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. മൊത്തം മരണം 8,000 കടന്നു

ഓസ്‌ട്രേലിയ: പുതിയ കേസുകളിലെ വര്‍ധന ഒരാഴ്ച മുന്‍പ് 2530 % ആയിരുന്നത് 9% ആയി കുറഞ്ഞു.

ബ്രിട്ടന്‍: മരണനിരക്ക് കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല.

റഷ്യ: രോഗികളുടെ എണ്ണം കൂടി. നിയമ ലംഘനത്തിനും വ്യാജപ്രചാരണത്തിനും കടുത്ത ശിക്ഷയ്ക്കുള്ള നിയമ നിര്‍മാണത്തിന് പാര്‍ലമെന്റ് അംഗീകാരം.

ഇറാന്‍: ഒറ്റദിവസം മൂവായിരത്തിലേറെ പുതിയ കേസ്. മരണവും മൂവായിരത്തിനടുത്ത്. ഉപരോധ ഇളവുകളിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആദ്യമായി മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു.

ഇന്തൊനീഷ്യ: പുതുതായി ആയിരത്തിയഞ്ഞൂറിലേറെ കേസ്. കോവിഡിനെതിരെ അടിയന്തരാവസ്ഥ.

ചൈന: പുറത്തു നിന്നെത്തിയ 48 പേര്‍ക്ക് രോഗം. രണ്ടാമതും വൈറസ് പടരുമെന്നു ഭീതി. വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാനില്‍നിന്ന് 8നു വിമാന സര്‍വീസ് പുനരാരംഭിക്കും.

ജര്‍മനിയില്‍ രോഗികള്‍ 67,000 കവിഞ്ഞു. ദക്ഷിണ കൊറിയയില്‍ പതിനായിരത്തിനടുത്ത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 16,000 കടന്നു. ജപ്പാനിലും രോഗം പടരുന്നു.

15 ദിവസത്തെ സാമൂഹിക അകലം പ്രഖ്യാപിച്ച് വിയറ്റ്‌നാം.

ബെല്‍ജിയത്തില്‍ 12 വയസ്സുകാരി മരിച്ചു. പോര്‍ച്ചുഗലില്‍ കഴിഞ്ഞദിവസം 14 വയസ്സുകാരന്‍ മരിച്ചിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വികാരി ജനറലായ കര്‍ദിനാള്‍ ആഞ്ജലോ ഡി ഡോനാട്ടിസിനു രോഗം സ്ഥിരീകരിച്ചു.

പാക്കിസ്ഥാനില്‍ 1,20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ്.

കോവിഡ് നെഗറ്റീവായിട്ടും കഫത്തിലും മറ്റും വൈറസ്

ബെയ്ജിങ് ന്മ കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച രോഗികളുടെ കഫത്തിലും വിസര്‍ജ്യത്തിലും കൊറോണ വൈറസ്. ചൈനയിലെ ക്യാപിറ്റല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ ‘അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.

133 പേരിലായിരുന്നു പരിശോധന. തൊണ്ടയില്‍നിന്നുള്ള സ്രവപരിശോധനയില്‍ 22 പേരുടെ ഫലം നെഗറ്റീവായി. കോവിഡ് മാറിയെന്ന പ്രാഥമിക സൂചന. എന്നാല്‍ ഇവരുടെ കഫത്തില്‍ 39 ദിവസവും വിസര്‍ജ്യത്തില്‍ 13 ദിവസവും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം, ഫലത്തെ പൂര്‍ണവിശ്വാസത്തിലെടുക്കേണ്ടെന്നു ഗവേഷകര്‍ തന്നെ പറയുന്നു.

ഇതുമൂലം രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. കഫത്തിലൂടെയും വിസര്‍ജ്യത്തിലൂടെയും വൈറസിന്റെ ജനിതകാവശിഷ്ടങ്ങള്‍ ചെറിയ തോതില്‍ പുറന്തള്ളുക സാധാരണമാണെന്നും അണുബാധയ്ക്കു സാധ്യത കുറവാണെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നു.

ലോകത്താകെ രോഗികള്‍ 8,19,038

ആകെ മരണം 39,79

ഗുരുതരം 30,826

നേരിയ തോതില്‍ 5,75,204

ഭേദമായവര്‍ 1,73,214

വിവിധ രാജ്യങ്ങളിലെ സ്ഥിതി (രാജ്യം, രോഗികള്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍)

യുഎസ്: 1,74,697 (3400) ഇറ്റലി: 1,01,739 (11,591) സ്‌പെയിന്‍: 94,417 (8269)ചൈന: 81,518 (3305) ജര്‍മനി: 68,180 (682)ഇറാന്‍: 44,605 (2898) ഫ്രാന്‍സ്: 44,550 (3024)ബ്രിട്ടന്‍: 25,150 (1789) സ്വിറ്റ്‌സര്‍ലന്‍ഡ്:16,176 (395) ദ.കൊറിയ: 9786 (162)കാനഡ: 7474 (92) ഓസ്‌ട്രേലിയ: 4561 (19) മലേഷ്യ: 2766 (43) ജപ്പാന്‍: 1953 (56) ന്യൂസീലന്‍ഡ്: 647 (1) ഇന്ത്യ: 1423 (37)

Similar Articles

Comments

Advertismentspot_img

Most Popular