അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ ട്രെയിന്‍ ; വ്യാജപ്രചാരണം നടത്തിയകേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ആരോപിച്ചു.

മറ്റെവിടെനിന്നോ ലഭിച്ച സന്ദേശം അതിന്റെ ആധികാരികത അന്വേഷിക്കാന്‍ നാട്ടിലെ പൊതുഗ്രൂപ്പിലേക്കു കൈമാറുക മാത്രമാണ് ചെയ്തത്. ഈ സന്ദേശമാണ് ചിലര്‍ എഡിറ്റ് ചെയ്ത് അതിഥ തൊഴിലാളികള്‍ക്കു പോകാന്‍ ട്രെയിന്‍ ഉണ്ട് എന്ന രീതിയില്‍ ആക്കി പ്രചാരണം നടത്തിയത്. യഥാര്‍ഥസന്ദേശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. രണ്ടു ദിവസമായി അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായത്.

നേരിട്ട് മനസ്സിലാക്കിയ തൊഴിലാളികളുടെ ദുരിതം സന്ദേശത്തില്‍ പങ്കുവയ്ക്കുകയാണ് ഉണ്ടായത്. അതിന്റെ പേരില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനെ തെരുവില്‍ വേട്ടയാടുന്നത് ഭൂഷണമല്ല. പായിപ്പാട് സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മുഖം വികൃതമായി നില്‍ക്കുകയാണ്. സര്‍ക്കാരിനെ വെള്ളപൂശാനുള്ള അവസരമായി പലരും ഇതിനെ ഉപയോഗപ്പെടുത്തുകയാണ്.

മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് സന്നദ്ധസേനയില്‍ അംഗമാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് ആണ്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനു വേണ്ടി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കുറ്റവും ഒരു സാധാരണക്കാരന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും റിയാസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7