കേരളത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം….

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍–9, കാസര്‍കോട്–3, മലപ്പുറം–3, തൃശൂര്‍–2, ഇടുക്കി–1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് രോഗം ഭേദമായി വിട്ടയച്ചു. പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 1,01402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായും മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപംനല്‍കും. 22–40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവര്‍ത്തകര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SHARE