കൊറോണ: നമ്മള്‍ മാതൃകയാകണം, അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്; 9013151515 നമ്പറിലേയ്ക്ക് വിവരങ്ങള്‍ കൈമാറം

ന്യൂഡല്‍ഹി: കൊറോണ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാടുപേര്‍ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങള്‍ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കൊറോണ രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് നവരാത്രിയുടെ ആദ്യ ദിനമാണ്. ഇപ്പോള്‍ നിങ്ങള്‍ ചടങ്ങുകളിലായിരിക്കും. എന്നിട്ടും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അതിന് എനിക്ക് നന്ദിയുണ്ട്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശക്തി പകരാന്‍ ഞാന്‍ ശൈലപുത്രി ദേവിയോടു പ്രാര്‍ഥിക്കുകയാണ്. വാരാണസിയിലെ എംപി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്നു കരുതുന്നു. സഹപ്രവര്‍ത്തകരില്‍നിന്നു വാരാണസിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ട്.

കൊറോണയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സ് എന്നിവരോടു സഹകരിക്കാത്ത ആള്‍ക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനാണു ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് മേധാവിമാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. 18 ദിവസം കൊണ്ടാണു മഹാഭാരത യുദ്ധം ജയിച്ചത്. കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ യുദ്ധം 21 ദിവസം നീണ്ടതാണ്. 21 ദിവസത്തില്‍ യുദ്ധം ജയിക്കണമെന്നാണു നമ്മുടെ ലക്ഷ്യം. കൊറോണയ്‌ക്കെതിരായ വിവരങ്ങള്‍ കൈമാറുന്നതിനായി 9013151515 എന്ന വാട്‌സാപ് നമ്പര്‍ തയാറാക്കിയിട്ടുണ്ട്. ഈ നമ്പരില്‍ ഇംഗ്ലിഷിലോ, ഹിന്ദിയിലോ നമസ്‌തേ എന്ന സന്ദേശം അയച്ചാല്‍ ഉടന്‍ മറുപടി ലഭിക്കും.

വാട്‌സാപുമായി സഹകരിച്ചു സര്‍ക്കാര്‍ ഒരു ഹെല്‍പ് ഡെസ്‌കും തയാറാക്കിയിട്ടുണ്ട്. കാബുളില്‍ ബുധനാഴ്ച ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തില്‍ ബാധിക്കപ്പെട്ടവര്‍ക്കു പ്രധാനമന്ത്രി പിന്തുണ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ 21 ദിവസത്തേക്കു രാജ്യം ലോക്ക് ഡൗണാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രി വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്‌

Similar Articles

Comments

Advertismentspot_img

Most Popular