വീണ്ടും ജനോപകാര നടപടിയുമായി പിണറായി സര്‍ക്കാര്‍; എല്ലാവര്‍ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് വീട്ടിലെത്തിക്കും

എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റ് വീട്ടില്‍ എത്തിക്കാനും ധാരണയായിട്ടുണ്ട്.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ദിവസ വേതനക്കാര്‍ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പ്രതിവിധിയായാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ഇനി സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി ലഭിക്കും.

അതേസമയം കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓണ്‍ലൈനായി നല്‍കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തില്‍ തീരുമാനിച്ചു.

നേരത്തെ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാല്‍ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് ബിവറേജുകളും ബാറുകളും അടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മദ്യ വില്പനക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം, സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular