കൊറോണ ചികിത്സ നടത്തുന്നതിനിടെ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ക്ക് രോഗ ലക്ഷണം

തൃശൂര്‍: കൊറോണ അടക്കമുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന പ്രഖ്യാപനവുമായി ചികിത്സ നടത്തുന്നതിനിടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യരെ ഐസലേഷനിലേക്കു മാറ്റിയേക്കും. മോഹനന്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു കോടതിയില്‍ രേഖാമൂലം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് ഐസലേഷനിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായത്.

അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മോഹനന്‍ വൈദ്യരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയുണ്ടെന്നു ജയില്‍ അധികൃതര്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് കസ്റ്റഡിയില്‍ വിടാനുള്ള പൊലീസ് അപേക്ഷ തള്ളുകയായിരുന്നു.

തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്കിടെയാണ് മോഹനന്‍ വൈദ്യര്‍ അറസ്റ്റിലായത്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്.

കോവിഡിന്റെ പേരില്‍ ചികിത്സ നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉടനെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പീച്ചി പോലീസിനെ വിവരമറിയിച്ചു. പോലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി ക്ലിനിക്കില്‍ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ രോഗികളെ ചികിത്സിക്കുകയായിരുന്നു മോഹനന്‍ വൈദ്യര്‍.

ചികിത്സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

pathram:
Leave a Comment