മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവത്തിൽ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് (30) ആണ് അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ വീട്ടിൽ കയറിയതെന്നാണ് അറിയുന്നത്. കോടതിയിൽ ഹാജരാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
പിടിയിലായ പ്രതിയുടെ കൈവശം സാധുവായ ഇന്ത്യൻ രേഖകളൊന്നുമില്ലെന്നും പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാൻ പ്രാഥമിക തെളിവുകളുണ്ടെന്നും മുംബൈ സോൺ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാൾ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ശേഷം ഇയാൾ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവിൽ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാൾ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയിൽ താമസിച്ചു- ഡിസിപി പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാൾ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയിൽ മെട്രോ നിർമാണ തൊഴിലാളികൾക്കൊപ്പമായിരുന്നു നിലവിൽ ഇയാൾ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റിൽ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.
സഹായികളിൽ ഒരാൾ കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായ പരുക്കിൽ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
Leave a Comment