കൊറോണ പരിശോധനാ : വൈറോളജി ലാബുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തി

പത്തനംതിട്ട: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ സംസ്ഥാനത്ത് ആറ് ലാബുകള്‍ കൂടി. കൊറോണ പരിശോധനാ സംവിധാനമുള്ള വൈറോളജി ലാബുകളുടെ എണ്ണം നാലില്‍ നിന്നു പത്താക്കി ഉയര്‍ത്തി. രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി ഇതോടെ കേരളവും തമിഴ്‌നാടും മാറി. സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടോ എന്ന നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. വ്യാപനം സംഭവിച്ചാല്‍ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം ക്രമാതീതമാകും. ശക്തമായ ലാബ് സംവിധാനമുണ്ടെങ്കിലെ വ്യാപനം തിരിച്ചറിയാനാവൂ. ലോകത്ത് ഏറ്റവും കുറവ് കൊറോണ സാമ്പിള്‍ പരിശോധ നടക്കുന്നത് മലേഷ്യയിലും ഇന്ത്യയിലും പാക്കിസ്ഥാനിലുമാണെന്ന് വൈറോളജി രംഗത്തെ വിദഗ്ധര്‍ പറയുന്നു.

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതും ലാബുകള്‍ തുറക്കുന്നതിനു സാഹചര്യമൊരുക്കി. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലാണ് പുതുതായി പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചത്. ആലപ്പുഴ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ്, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ മൈക്രോ ബയോളജി ലാബ് എന്നിവിടങ്ങളിലായിരുന്നു നേരത്തെ പരിശോധന നടന്നിരുന്നത്.

പുതുതായി നാലു യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തന സജ്ജമാക്കാനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, റീജനല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയത്തെ തലപ്പാടിയിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച്, തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നീ കേന്ദ്രങ്ങളെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം ചിലയിടങ്ങളില്‍ സൗകര്യം പരിമിതമാണ്. റീ എജന്റ് എത്തിയാലുടന്‍ ഇവിടെ പരിശോധന ആരംഭിക്കാനാവുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഡിഎംഒ മാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയെങ്കിലും കോട്ടയത്തും മറ്റും യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇത്രയും ലാബുകള്‍ പ്രവര്‍ത്തന സജ്ജമായാല്‍ ദിവസേന ആയിരത്തിലേറെ സാമ്പിളുകളുടെ രോഗവ്യാപന സാധ്യത മനസ്സിലാക്കി ഏതെങ്കിലും പ്രദേശത്ത് കോവിഡിന്റെ സാമൂഹിക വ്യാപനമുണ്ടോ എന്നു മുന്‍കൂട്ടിയറിയാനാവും

രാജ്യത്ത് ആകെ നിലവിലുള്ള 26 മെക്രോബയോളജി ലാബുകളെയാണ് പുതിയ കോവിഡ് 19 ഓപ്പറേഷനല്‍ ലബോറട്ടറികളാക്കി മാറ്റിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലാബുകള്‍ തുറന്നിരിക്കുന്നത് കേരളത്തിലാണ് നാല്. ബിഹാര്‍, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിലവിലുള്ളതിനു പുറമെ 3 ലാബുകള്‍ കൂടി അനുവദിച്ചു. ട്രിച്ചി, വില്ലുപുരം, മധുര എന്നിവിടങ്ങളാണു തമിഴ്‌നാട്ടിലെ ലാബ് തുറന്നത്.

വിവിധ സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് പരിശോധന നടത്താന്‍ നിലവിലുള്ളതും ഒരുങ്ങുന്നതുമായ ആകെ ലാബുകളുടെ എണ്ണവും. കേരളം – 10, തമിഴ്‌നാട് – 10, ഡല്‍ഹി – 8, രാജസ്ഥാന്‍ – 8, മഹാരാഷ്ട്ര – 8, ഉത്തര്‍ പ്രദേശ് – 8, കര്‍ണാടക – 7, ആന്ധ്ര – 5, അസം – 5, തെലങ്കാന – 5,ഗുജറാത്ത് – 5, മധ്യപ്രദേശ് – 5, ബിഹാര്‍ – 4 , ബംഗാള്‍ – 4, ജമ്മു കശ്മീര്‍ – 4 , ഹരിയാന – 2, ഹിമാചല്‍ – 2, ചണ്ഡീഗഡ് – 2, ചത്തീസ്ഗഡ് – 2, ജാര്‍ഖണ്ഡ് – 2, മണിപ്പൂര്‍ – 2, പഞ്ചാബ് – 2, ഉത്തരാഖണ്ഡ് – 2,
മേഘാലയ – 1, പുതുശേരി – 1, ത്രിപുര – 1, ആന്‍ഡമാന്‍ – 1, ലാബുകള്‍ ഇനിയും തുറക്കാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം, നാഗാലാന്‍ഡ്,സിക്കിം,
ദാദ്ര നഗര്‍ ഹവേലി, ലഡാക്, ലക്ഷദ്വീപ് (ഇതില്‍ ലഡാക്ക് ഒഴികെ മറ്റിടങ്ങളില്‍ കാര്യമായ വ്യാപനം ഇതുവരെയുണ്ടായിട്ടില്ല)

pathram:
Related Post
Leave a Comment