എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല ഗാംഗുലി

കൊല്‍ക്കത്ത: ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ ഈ നിലയില്‍ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്.

എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവര്‍ക്കും എന്റെ സ്‌നേഹവും വാത്സല്യവും’ – ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ലോക വ്യാപകമായി ഇതുവരെ 16,000ല്‍ അധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ മാത്രം ഇതുവരെ 500ലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ കനത്തതോടെ ലോക വ്യാപകമായി എല്ലാ കായിക മത്സരങ്ങളും

നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിലും എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളും ബിസിസിഐ റദ്ദാക്കിയിരുന്നു. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും നീട്ടിവച്ചിരിക്കുകയാണ്. ബിസിസിഐയുടെ മുംബൈയിലെ മുഖ്യ ഓഫിസും പൂട്ടിയതോടെ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ വീടുകളിലേക്കു മടങ്ങിയിരുന്നു

SHARE