മൂന്ന് ജില്ലകള്‍ ഭാഗികമായി അടച്ചു; ബവ്‌റിജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല

സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ ഭാഗികമായി അടച്ചു. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റു കോവിഡ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ജില്ലകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും.

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസര്‍കോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബവ്‌റിജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കണ്ണൂര്‍–- കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസ് നിരീക്ഷണം ഏര്‍പ്പെടത്തി. ചുരുക്കം ബസുകള്‍ മാത്രം കണ്ണൂര്‍ ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്നുണ്ട്. അത്യാവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങുന്നുള്ളൂ.

നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കൊല്ലം കുണ്ടറയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്നവര്‍ക്ക് പോലീസ് താക്കീത് നല്‍കിയിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ ഇവര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ 14 നു ആണ് ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന രണ്ടു കുടുംബത്തിലെ ആളുകളാണ് തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിയത്.

എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇവര്‍ പുറത്തിറങ്ങി നടക്കുകയാണെന്ന് സമീപവാസികളുടെ പരാതിയെതുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് ഇവര്‍ തട്ടിക്കയറുകയാണ് ഉണ്ടായത്. പോലീസ് അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മെക്കോണ്‍ റെസിഡന്‍സി റോഡിലെ രണ്ടു കുടുംബങ്ങളാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ നിന്നും ഇവര്‍ ഇറക്കിവിട്ടു. അതിനെ തുടര്‍ന്ന് തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെ പോലീസ് വീട്ടിലെത്തി നിയമലംഘനം നടത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ക്വാറന്റൈനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇനിയും കറങ്ങി നടന്നാല്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചതോടെ ഇവര്‍ വീട്ടില്‍ ഇരിക്കാം എന്ന് ഉറപ്പു നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular