കനിക കപൂറിന് കൊറോണ : താരം സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആശങ്കയില്‍

പ്രശതയായ ഗായിക കനിക കപൂറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്‌നൗവില്‍ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ദീര്‍ഘനാള്‍ ലണ്ടനിലായിരുന്ന ഇവര്‍ തിരികെ വന്ന ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് പാര്‍ട്ടി നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പാര്‍ട്ടിയില്‍ ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇത് കടുത്ത പ്രതിസന്ധിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലഖ്‌നൗവില്‍, കനിക താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ കാര്യത്തിലും കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്.

എന്നാല്‍, നാലു ദിവസം മുന്‍പ് മാത്രമാണ് തനിക്ക് പനി വന്നതെന്നാണ് കനികയുടെ വിശദീകരണം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലണ്ടനില്‍ നിന്ന് തിരികെ വന്നത്. അപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയെന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. നാലു ദിവസം മുന്‍പ് പനി വന്ന് പരിശോധിച്ചപ്പോള്‍ കൊറോണ ആണെന്ന് മനസ്സിലായി. ഇപ്പോള്‍ താനും കുടുംബവും ക്വാറന്റീനിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്. താനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കനിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലൂടെ പറഞ്ഞു.

ഈ അവസ്ഥയില്‍ എല്ലാവരും സെല്‍ഫ് ഐസൊലേഷനില്‍ കഴിയണമെന്നും കനിക കുറിച്ചു. ഈ സമയത്ത് വിവേക ബുദ്ധിയോടെ പെരുമാറണം. ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കണം. വിദഗ്ധരുടെ അഭിപ്രായവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശവും അനുസരിച്ചാല്‍ ഭയപ്പെടാതെ ഇതിനെ മറികടക്കാനാവുമെന്നും കനിക കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular