കൊറോണ ഭീതി : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്

കൊല്ലം : കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന് തമിഴ്‌നാട്. ആരോഗ്യപ്രവര്‍കരുടെ പരിശേധനകള്‍ക്ക് ശേഷം ആളുകള്‍ക്ക് ശേഷം തമിഴ്‌നാട് വാഹനങ്ങളില്‍ യാത്ര തുടരാം. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുകയാണ്. കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്‌പോസ്റ്റില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്നും രോഗപകര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞിരുന്നു. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.

പാലക്കാട് വാളയാര്‍ അതിര്‍ത്തി വഴിയുള്ള വാഹന ഗതാഗതത്തിനും തമിഴ്‌നാട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയവരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് നിലവില്‍ കടത്തിവിടുന്നത്. മറ്റു വാഹനങ്ങള്‍ കേരളത്തിലേക്ക് തിരിച്ചയക്കുന്നു. വാളയാര്‍ അതിര്‍ത്തി കഴിഞ്ഞ് തമിഴ്‌നാട്ടിലെ ചാവടിയിലാണ് പൊലീസും ഡോക്ടര്‍മാര്‍ അടങ്ങിയ ആരോഗ്യവകുപ്പ് സംഘവും ചേര്‍ന്ന് പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് പോകണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ പോകാന്‍ ഇപ്പോള്‍ അനുമതിയുണ്ട്.

ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്‌റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്‌കാനര്‍ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലങ്ങളില്‍ മിനുറ്റുകള്‍ ഇടവിട്ടു അണുനാശിനി തളിക്കുന്നുണ്ട്. വലിയ കടകള്‍ നിര്‍ബന്ധിച്ചു അടപ്പിച്ചതോടെ വാണിജ്യ കേന്ദ്രമായ ടി.നഗറില്‍ ഇടതടവില്ലാതെ വാഹനങ്ങളും മനുഷ്യരും നിറഞ്ഞൊഴുകിയിരുന്ന നിരത്തുകള്‍ ഇപ്പോള്‍ ഇങ്ങിനെയാണ്.

ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാള്‍ ആഗ്രയും ഡല്‍ഹിയും സന്ദര്‍ശിച്ചതിനാല്‍ യുപി, ഡല്‍ഹി സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് തമിഴ്‌നാട്.

Similar Articles

Comments

Advertismentspot_img

Most Popular