ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ കൊറോണ മുദ്ര കുത്തും നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

ബെംഗളൂരു: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ മുദ്ര കുത്തും. ഇവര്‍ വീടുകളിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മുംബൈയിലും കഴിഞ്ഞ ദിവസം മുദ്ര കുത്തല്‍ നടപ്പാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ 31 വരെ നീട്ടി. ഇതുവരെ 14 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തു 10 പേര്‍ക്ക് കൊറോണ ബാധിച്ചു. ഇതോടെയാണു നിലവിലുള്ള നിയന്ത്രണങ്ങള്‍ നീട്ടാനും, പുതിയ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണു കൂടുതല്‍ നിയന്ത്രണങ്ങള്‍. വിമാനത്താവളത്തില്‍ നിന്നും നേരിട്ടു വീട്ടിലേയ്ക്കു പോകാന്‍ അനുവദിക്കില്ല. ഇവര്‍ ആശുപത്രികളിലും ഹോട്ടലുകളിലുമായി 14 ദിവസം ഐസലേഷനില്‍ കഴിയണം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കയ്യില്‍ മുദ്ര പതിപ്പിക്കുകയും ചെയ്യും.

അതേസമയം മാളുകളും പബ്ബുകളും നിശാക്ലബ്ബുകളും ബാറുകളും തിയറ്ററുകളും മാര്‍ച്ച് 31 വരെ അടച്ചിടും. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധിയും 31 വരെ നീട്ടിയിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ ഇന്നലെ മാത്രം മൂന്നു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ മാത്രം 11 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിട്ടുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 1862 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular