കൊറോണ: ഇന്ത്യയില്‍ കുടുങ്ങി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയ്ക്കിടെ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഒരു മത്സരം പോലും കളിക്കാനായില്ലെന്നു മാത്രമല്ല, ഇതുവരെ ഇന്ത്യയില്‍നിന്ന് നാട്ടിലേക്കു മടങ്ങാനുമായില്ല. പരമ്പരയിലെ മൂന്നാം ഏകദിനത്തിനു വേദിയാകേണ്ടിയിരുന്ന കൊല്‍ക്കത്തയിലാണ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഉള്ളത്. ചൊവ്വാഴ്ച രാവിലെ ദുബായ് വഴി ഇവര്‍ നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീമും ഇന്ത്യന്‍ ടീമും മാര്‍ച്ച് 11ന് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ എത്തിയിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ഒരു പന്തുപോലും എറിയാതെ ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളും ബിസിസിഐ റദ്ദാക്കി. 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. ഇതോടെ ഒരു മത്സരം പോലും കളിക്കാനാകാതെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം നാട്ടിലേക്കു മടങ്ങുന്നത്.

കൊല്‍ക്കത്തയില്‍ തങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെ വിമാനത്താവളത്തിന് തൊട്ടടുത്തുതന്നെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) അവിഷേക് ഡാല്‍മിയ വ്യക്തമാക്കി. താരങ്ങളുടെ ഭീതിയകറ്റാനും പരിശോധനകള്‍ക്കുമായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹികളും ഇതേ ഹോട്ടലിലുണ്ട്. ബിസിസിഐയുമായും ബംഗാള്‍ ഭരണകൂടവുമായും ഞങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. പൊലീസും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്’ – ഡാല്‍മിയ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular