എന്റെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയല്ല…സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ തനിക്കാകില്ലെന്ന് പൂജാര

രാജ്‌കോട്ട്: സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി ബാറ്റു ചെയ്യാന്‍ തനിക്കാകില്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ തുടര്‍ച്ചയായി വിമര്‍ശനത്തിനു വിധേയനാകുന്നതിനിടെ പ്രതികരണവുമായി പൂജാര രംഗത്ത വന്നിരിക്കുന്നത്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങള്‍ കൂടുതലായി കാണുന്നതുകൊണ്ടാണ് ഒരുവിഭാഗം ആരാധകര്‍ക്ക് തന്റെ ശൈലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ രീതിയും മനസ്സിലാകാത്തതെന്നും പൂജാര തുറന്നടിച്ചു. അടുത്തിടെ ന്യൂസീലന്‍ഡില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ പൂജാര ഉള്‍പ്പെടെയുള്ള താരങ്ങളുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെ ആരുടെയും പേരെടുത്തു പറയാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വിമര്‍ശിച്ചിരുന്നു.

എനിക്കൊരിക്കലും സോഷ്യല്‍ മീഡിയയ്ക്കു വേണ്ടി ബാറ്റു ചെയ്യാനാകില്ല. എന്റെ ശൈലിയും ടെസ്റ്റ് ക്രിക്കറ്റും ഒരുവിഭാഗം ആളുകള്‍ക്കു മനസ്സിലാകാത്തത് അവര്‍ കൂടുതലായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കാണുന്നതുകൊണ്ടാണ്. എന്റെ കളി ബോറടിപ്പിക്കുന്നുവെന്നും എത്ര പന്തുകളാണ് പാഴാക്കുന്നതെന്നുമാണ് ഇവരുടെ ചോദ്യം. ഒന്നു മനസ്സിലാക്കുക; എന്റെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയല്ല. ടീമിനു വിജയം സമ്മാനിക്കാനുതകുന്ന രീതിയില്‍ കളിക്കുക മാത്രമാണ്. അത് ഇന്ത്യന്‍ ടീമിനു വേണ്ടിയായാലും സൗരാഷ്ട്രയ്ക്കു വേണ്ടിയായാലും അങ്ങനെതന്നെ’ – പൂജാര പറഞ്ഞു.

‘ചില ദിവസങ്ങളില്‍ ഞാന്‍ വേഗത്തില്‍ ബാറ്റു ചെയ്യാറുണ്ട്. മറ്റു ചിലപ്പോള്‍ പതുക്കെയാകും ബാറ്റിങ്. ക്രിക്കറ്റ് ആരാധകരോടും കാണികളോടും എനിക്ക് ബഹുമാനമുണ്ട്. സത്യത്തില്‍ തുടര്‍ച്ചയായി സിക്‌സുകള്‍ നേടാന്‍ കഴിയുന്ന താരമല്ല ഞാന്‍. സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ പരമാവധി ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കളിക്കുന്ന സമയത്ത് പ്രത്യേകിച്ചും സമൂഹമാധ്യമങ്ങള്‍ ശ്രദ്ധിക്കാറുപോലുമില്ല. എന്റെ ബാറ്റിങ് ആരാധകരെ രസിപ്പിക്കാനുമല്ല’ – പൂജാര പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിന് വന്‍ പ്രചാരം ലഭിക്കുന്നതിനാല്‍ തന്റെ ബാറ്റിങ് ശൈലി ഭാവി തലമുറയ്ക്കും മനസിലായെന്നു വരില്ലെന്ന് പൂജാര ചൂണ്ടിക്കാട്ടി. ‘ഇപ്പോഴത്തെ താരങ്ങള്‍ തീര്‍ച്ചയായും എന്റെ ശൈലി അനുകരിക്കില്ലെന്ന് ഉറപ്പാണ്. അത് ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയാണ്. ബാറ്റിങ്ങിന്റെ വേഗത പെട്ടെന്ന് മാറ്റാന്‍ എനിക്കാകില്ല. പക്ഷേ, ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലും കളിക്കാന്‍ എനിക്ക് സാധിക്കും. ഇത്തരം മത്സരങ്ങളില്‍ ഞാന്‍ ബാറ്റു ചെയ്യുന്നത് ഒട്ടേറെപ്പേര്‍ ടിവിയില്‍ പോലും കണ്ടിട്ടുണ്ടാവില്ല. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലായാലും നിലയുറപ്പിക്കാന്‍ ഞാന്‍ സമയമെടുക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, അങ്ങനെയാണ് ഞാന്‍ കളിച്ചുപഠിച്ചത്’ – പൂജാര പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular